പയ്യന്നൂർ: പയ്യന്നൂർ നിയമസഭ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേൾക്കാനാകുന്നത് ഇടതുപക്ഷത്തിന്റെ വിജയഗാഥ മാത്രം.യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്ന തെരഞ്ഞെടുപ്പുകളിലും പയ്യന്നൂർ ചരിത്രം തിരുത്താറില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ പയ്യന്നൂർ ഈ ചരിത്രം കൂടിയാണ് മാറ്റിയെഴുതപ്പെട്ടത്. ഇക്കുറി പയ്യന്നൂരിൽ എം.വി. ബാലകൃഷ്ണന് ലഭിച്ചത് 13,257 വോട്ടുകളുടെ ലീഡ് മാത്രം. കഴിഞ്ഞതവണ 26,131 വോട്ടുകൾ സതീഷ് ചന്ദ്രന് അധികം ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷമാണ് ടി.ഐ. മധുസൂദനൻ എം.എൽ.എക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ് ക്യാമ്പ്. കുറഞ്ഞത് 40,000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും പിടിക്കണമെന്ന തീരുമാനമാണ് 13,257ലേക്ക് കൂപ്പുകുത്തിയത്.
കാസർകോട് മണ്ഡലത്തിൽനിന്ന് ഇടതുസ്ഥാനാർഥികൾ പാർലമെന്റിലെത്തിയപ്പോഴെല്ലാം നിർണായകമായത് പയ്യന്നൂരിന്റെ ഭൂരിപക്ഷമായിരുന്നു. വടക്കൻ പ്രദേശങ്ങളിലെ വോട്ടുകൾ മറികടക്കാൻ പര്യാപ്തമായിരുന്നു പയ്യന്നൂരും തൊട്ടടുത്ത തൃക്കരിപ്പൂരും. ഇപ്പോൾ കല്യാശ്ശേരിയുമുണ്ട് പട്ടികയിൽ. ഇക്കുറി കല്യാശ്ശേരിയും ചതിച്ചു. 1058 വോട്ടുകൾ മാത്രമാണ് ഈ ഉറച്ച കോട്ടയും അധികമായി നൽകിയത്. 2019ലെ രാഹുൽ ഗാന്ധി ഇഫക്ടിലും ശബരിമല വിഷയമുണ്ടായിട്ടും അധികമായി നേടിയ 26,131 വോട്ടാണ് പകുതിയായത്.
പയ്യന്നൂർ നഗരസഭയും ചെറുപുഴ, എരമം കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി പഞ്ചായത്തുകളും ചേർന്നതാണ് പയ്യന്നൂർ മണ്ഡലം. എല്ലായിടത്തും എൽ.ഡി.എഫാണ് അധികാരത്തിൽ.
പയ്യന്നൂർ മണ്ഡലത്തിന്റെ കണക്കെടുക്കുമ്പോൾ യു.ഡി.എഫ് പ്രതീക്ഷ വെച്ചുപുലർത്തുന്ന പഞ്ചായത്തുകൾ രാമന്തളിയും ചെറുപുഴയുമാണ്.
കരിവെള്ളൂർ പെരളം, കാങ്കോൽ-ആലപ്പടമ്പ്, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തുളിലെയും പയ്യന്നൂരിലെയും വിള്ളൽ വീഴാത്ത പാർട്ടി ഗ്രാമങ്ങളായിരുന്നു ഇടതുപ്രതീക്ഷ. ഈ കോട്ടകളാണ് തകരുന്നത്. താമര അധികം തളിരിടാത്ത മണ്ഡലമാണ് പയ്യന്നൂർ. എൻ.ഡി.എ തരംഗത്തിൽ പോലും 10 ശതമാനം തികക്കാനാവാത്ത മണ്ഡലമാണിത്. അതുകൊണ്ട് സംഘ്പരിവാറിന് പയ്യന്നൂരിലെ മത്സരം പേരിനുമാത്രം.
എന്നാൽ, ഇക്കുറി വോട്ട് ഇരട്ടിയാക്കി അവരും ചരിത്രമെഴുതി.
2019ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച 9268 വോട്ടുകൾ 18,466 വോട്ടുകളായി വർധിപ്പിക്കാൻ അവർക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.