കാസർകോട്: മധുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മൂന്ന് സ്ഥിരംസമിതി അംഗങ്ങളും രാജിവെക്കാൻ ബി.ജെ.പി നേതൃത്വം നിർദേശം നൽകി. ഇവരുടെ രാജി തിങ്കളാഴ്ച ഉണ്ടായേക്കും. തുടർന്ന് പുതിയ ഭരണസമിതിയെ നേതൃത്വം യോഗംചേർന്ന് തീരുമാനിക്കും. ഗ്രാമപഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിരന്തര അഴിമതിയാരോപണങ്ങളും പഞ്ചായത്ത് ഓഫിസ് പ്രതിപക്ഷപാർട്ടികളുടെ സ്ഥിരം സമരവേദിയാകുന്നതുമാണ് ഇവരുടെ രാജി ആവശ്യപ്പെടാൻ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്. പ്രസിഡന്റും മീപ്പുഗിരി വാർഡ് അംഗവുമായ കെ. ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റും മധൂർ വാർഡ് അംഗവുമായ സ്മിജ വിനോദ്, സ്ഥിരംസമിതി അംഗങ്ങളായ സൂർലു വാർഡ് അംഗം എസ്. രാധാകൃഷ്ണ, മന്നിപ്പാടി വാർഡ് അംഗം ഉമേഷ് ഗട്ടി, കല്യങ്ങാട് വാർഡ് അംഗം യശോദ നായ്ക് എന്നിവരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടത്. അഴിമതിയാരോപിച്ച് സി.പി.എമ്മിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ നിരന്തരസമരം പഞ്ചായത്ത് ഓഫിസിനുമുന്നിൽ നടന്നിരുന്നു. മിക്ക ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് ബി.ജെ.പി നേതൃത്വം കണ്ടെത്തുകയും ചെയ്തു. പലപരാതികളും വിജിലൻസ് പരിഗണനയിലാണ്. ഇതാണ് രാജിക്ക് നിർദേശം നൽകാൻ കാരണം.
മധൂർ പഞ്ചായത്തിൽ വോട്ടർപട്ടിക അച്ചടിച്ച കണക്കിൽ എട്ടുലക്ഷം രൂപയാണ് ചെലവ് കാണിച്ചിരിക്കുന്നത്. 50,000 രൂപയുടെ ചെലവുമാത്രം വരുന്ന പ്രവൃത്തിയാണിത്. പ്ലാസ്റ്റിക് മാലിന്യം സ്വകാര്യ കമ്പനിക്ക് നൽകിയതിലാണ് മറ്റൊരു അഴിമതിയാരോപണം. ഈ രണ്ടുവിഷയങ്ങളിൽ നാളുകളായി പഞ്ചായത്ത് സമരവേദിയാണ്. ഏറ്റവും ഒടുവിലായി കുടിവെള്ളം വിതരണം ചെയ്തതിൽ അഴിമതിയുണ്ടെന്ന പരാതിയെതുടർന്ന് വിജിലൻസ് പരിശോധനയുമുണ്ടായി.
ആഗസ്റ്റ് 16, 17 തീയതികളിൽ വിജിലൻസിന്റെ പരിശോധന നടന്നു. ജി.പി.എസ് ഘടിപ്പിച്ച വണ്ടിയിലാണ് കുടിള്ളെ വിതരണം നടന്നത്. എന്നാൽ, വണ്ടി യാത്ര ചെയ്തതിനേക്കാൾ കൂടുതൽ തുകയാണ് ഈടാക്കിയത്. ജി.പി.എസിൽ കാണിച്ചതിനേക്കാൾ 70ശതമാനം തുക അധികമായി നൽകി. ലക്ഷം രൂപയാണ് പഞ്ചായത്തിന് നഷ്ടമായത്. ഇതോടെ ഭരണസമിതി പുറത്തേക്കുള്ള വഴി ഉറപ്പിക്കുകയായിരുന്നു.
20അംഗ ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ നാല് സി.പി.എം, ഒരുകോൺഗ്രസ്, രണ്ട് ലീഗ് അംഗങ്ങളെ ഒഴിവാക്കിയാൽ 13 അംഗബലമുള്ള ഭരണസമിതിയാണ് മധൂർ പഞ്ചായത്തിലേത്. എന്നും ബി.ജെ.പിയുടെ ഭരണത്തിലാണ് പഞ്ചായത്ത്. ബി.ജെ.പിക്ക് ശക്തമായ അംഗബലമുള്ള വേറെ പഞ്ചായത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.