കാസർകോട്: കേരള പി.എസ്.സി കന്നട തസ്തികയിലേക്ക് ഏപ്രിൽ അഞ്ചിന് നടത്തിയ യു.പി.എസ്.ടി പരീക്ഷയിൽ ചോദ്യപേപ്പറിൽ കന്നടക്ക് പകരം വന്നത് മലയാളമെന്ന് പരാതി. കന്നട ന്യൂനപക്ഷ മേഖലയിൽനിന്നുള്ള ഉദ്യോഗാർഥികൾക്കാണ് ചോദ്യപേപ്പറിലെ ഈ ഭാഷാമാറ്റം വിനയായിരിക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരിക്കുകയാണ് ഉദ്യോഗാർഥികൾ. കന്നട വാക്കുകൾക്ക് പകരം മലയാളം തർജമ വന്നതാണ് വിനയായത്.
ഏറെ പ്രതീക്ഷയിൽ എഴുതാനിറങ്ങിയ പരീക്ഷയാണ് ഇതോടെ അവതാളത്തിലായത്. 993 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ പരീക്ഷയിലാണ് സൈക്കോളജി വിഭാഗത്തിൽ മുഴുവൻ ചോദ്യങ്ങളും മലയാളത്തിൽ വന്നത്. മറ്റു വിഭാഗങ്ങളിലും മലയാളം കടന്നുവന്നെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. കഴിഞ്ഞവർഷവും ഇതേ അനുഭവമുണ്ടായിരുന്നു. ആ പരീക്ഷയിൽ 32 ചോദ്യങ്ങളാണ് മലയാളം ഭാഷയിൽ വന്നത്.
ഗൂഗ്ൾ ട്രൻസ്ലേറ്റ് ചെയ്തപോലെയായിരുന്നു ചോദ്യങ്ങൾ മലയാളത്തിൽ വന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നകയറ്റമാണിതെന്ന് ഇവർ ആരോപിച്ചു. ഏപ്രിൽ അഞ്ചിന് നടത്തിയ പരീക്ഷ വീണ്ടും നടത്തണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.