കാസര്‍കോട്: മുസ്‍ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മംഗൽപാടി പഞ്ചായത്ത് ഭരണം സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു.
മുസ്‍ലിംലീഗിലെ പ്രശ്‌നങ്ങള്‍ കാരണം പൊറുതിമുട്ടുന്നത് പഞ്ചായത്തിലെ സാധാരണക്കാരാണ്. പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും താളംതെറ്റിയതോടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പണം പാഴാകുകയാണ്. ഭരണസ്തംഭനം കാരണം പഞ്ചായത്ത് മാലിന്യത്താൽ നിറഞ്ഞു.
പ്രശ്‌നം സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിലെത്തിയിട്ടും ഭരണസമിതിയുടെ അലംഭാവം തുടരുകയാണ്. പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നിട്ട് ആറു മാസത്തിലേറെയായി. ഇത് പഞ്ചായത്ത് ചട്ടങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനു പരാതി നൽകിയിട്ടുണ്ട്.
ദേശീയപാതയില്‍ അനുവദിച്ച അടിപ്പാതകൾ തന്റെ വകയാണെന്നുള്ള സ്ഥലം എം.എല്‍.എയുടെയും എം.പിയുടെയും ശ്രമം പരിഹാസ്യമാണ്. സ്വന്തം പരിശ്രമം കാരണമാണ് അടിപ്പാത അനുവദിച്ചു കിട്ടിയതെങ്കില്‍ അക്കാര്യം പൊതുവേദിയില്‍ പരസ്യമായി പറയാനും ദേശീയ പാത പ്രശ്‌നപരിഹാരത്തിന് ബി.ജെ.പിയുടെ സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപനം നടത്താനും എം.എല്‍.എയും എം.പിയും തയാറാകണം. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ റൈ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വി. സുധ, ബി. കിഷോര്‍ കുമാര്‍, എം. രേവതി, വസന്തകുമാർ മയ്യ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
ഉപ്പള: മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും മാലിന്യപ്രശ്നത്തിനുമെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല ധർണ 16ാം ദിവസത്തിലേക്ക്. ബുധനാഴ്‌ചത്തെ പരിപാടി സി.പി.എം ജില്ല കമ്മിറ്റിയംഗം പി. രഘുദേവൻ ഉദ്ഘാടനം ചെയ്‌തു. ഹമീദ് കോസ്മോസ് അധ്യക്ഷത വഹിച്ചു. സാദിഖ് ചെറുഗോളി, ഫറൂഖ് ഷിറിയ, മുഹമ്മദ് കൈക്കമ്പ, ഹരീഷ്ഷെട്ടി, അഷറഫ് മുട്ടം എന്നിവർ സംസാരിച്ചു. ഗംഗാധരൻ അടിയോടി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.