കാസർകോട്: മെഡിസെപ് നിലവിൽവന്ന് രണ്ടുമാസം പിന്നിടുമ്പോള്‍ ജില്ലയില്‍ 164 പേര്‍ക്കായി അനുവദിച്ചത് 51.38 ലക്ഷം രൂപ. ജില്ലയിലെ മൊത്തം ഗുണഭോക്താക്കളിൽനിന്ന് ഇൻഷുറൻസ് കമ്പനിക്ക് ലഭിച്ച പ്രീമിയത്തിന്റെ ഇരട്ടിയോളം രൂപയാണ് ഈ തുക. പെന്‍ഷന്‍കാരും ജീവനക്കാരുമുള്‍പ്പെടെ 31,670 പേരാണ് ജില്ലയിലെ മെഡിസെപ് ഗുണഭോക്താക്കള്‍. ഇവരില്‍ നിന്ന് പ്രീമിയം തുകയായി 31ലക്ഷത്തിൽപരം രൂപയാണ് ഇതിനകം ഈടാക്കിയത്. ജില്ലയില്‍ എട്ട് സ്വകാര്യ ആശുപത്രികളിലും ആറ് സര്‍ക്കാര്‍ ആശുപത്രികളിലുമാണ് മെഡിസെപ് സേവനം ലഭ്യമാകുന്നത്. മംഗളൂരു കെ.എസ്.ഹെഗ്‌ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ സൗകര്യമുണ്ട്.
പദ്ധതി പ്രകാരം പ്രതിവർഷം മൂന്ന് ലക്ഷം രൂപവരെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഗുരുതര രോഗങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന തുക അനുവദിക്കും. ആദ്യ വര്‍ഷത്തില്‍ ക്ലെയിം ചെയ്യാത്ത തുകയില്‍ നിന്ന് 1.5 ലക്ഷം രൂപവരെ അടുത്ത വര്‍ഷത്തേക്ക് കൊണ്ടുപോകാമെന്നതും മെഡിസെപ് പദ്ധതിയുടെ നേട്ടമാണ്.
മെഡിസെപ് സേവനം ഉറപ്പുവരുത്തുന്നതിനും പരാതികള്‍ പരിഹരിക്കാനുമുള്ള സമിതിയും ജില്ലയിലുണ്ട്. ജില്ലയില്‍ മെഡിസെപ് പദ്ധതിക്കായി നോഡല്‍ ഓഫിസറെയും നിയമിച്ചിട്ടുണ്ട്. ഫോണ്‍: 7994665210, 7736799929.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.