കാസർകോട്: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ എണ്ണത്തിലും ജില്ലയെ അവഗണിച്ചെന്ന് പരാതി. ജില്ലയിൽ രണ്ട് ആശുപത്രികളെയാണ് മെഡിസെപ് പദ്ധതിയിൽ ഇതിനകം ഉൾപ്പെടുത്തിയത്.
ഈ രണ്ടെണ്ണത്തിൽ ഒരെണ്ണം മാത്രമാണ് ജനറൽ ആശുപത്രി വിഭാഗത്തിൽ വരുന്നത്. രണ്ടാമത്തേത് കണ്ണാശുപത്രിയാണ്. നീലേശ്വരത്തെ സഹകരണ ആശുപത്രിയും കാഞ്ഞങ്ങാട്ടെ കണ്ണാശുപത്രിയുമാണ് മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽനിന്ന് 500രൂപ പ്രതിമാസ പ്രീമിയം പിടിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്ത് 99 ആശുപത്രികളിൽ കിടത്തിച്ചികിത്സ ഒരുക്കുന്നുണ്ട്. ജീവനക്കാർക്കും പെൻഷൻകാർക്കും അതത് താലൂക്കുകളിൽ മെഡിസെപ് പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന വിധം ആശുപത്രികൾ ഒരുക്കുമെന്നാണ് സർക്കാർ തീരുമാനം. ആ നിലക്ക് ജില്ലയിലെ നാലു താലൂക്കുകളിലെയും ആശുപത്രികൾ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
അപകടം തുടങ്ങി അടിയന്തര ഘട്ടങ്ങളിൽ മറ്റ് എം പാനൽ ചെയ്യാത്ത ആശുപത്രികളിലും മെഡിസെപ് സൗകര്യം ലഭിക്കും. ജില്ലയിൽ നിലവിൽ രണ്ട് ആശുപത്രികൾ മാത്രമെന്നത് ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ പ്രയാസമുണ്ടാക്കുമെന്നാണ് പരാതി. ഇതിനെതിരെ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ജില്ലയിലെ കൂടുതൽ ആശുപത്രികൾ പട്ടികയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജീവനക്കാരുടെ സംഘടന പ്രതിനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.