കാസർകോട്: ഒരു തൊഴിലിനായി അന്വേഷണം തുടരുന്ന തൊഴിൽരഹിതരെ കാത്ത് സാധ്യതകളുടെ ലോകം. തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയം ഒരേകുടക്കീഴിൽ എത്തിക്കുകയാണ് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. ശനിയാഴ്ച മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയൽ ഗവ.കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. മേള രാവിലെ 10ന് രാജ് മോഹൻ ഉണ്ണിത്താൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
അമ്പതോളം കമ്പനികളും 2050ഓളം ഉദ്യോഗർഥികളും ഇതിനകംതന്നെ മേളയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും ഏതാനും കമ്പനികൾ മേളയിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. തൊഴിൽതേടുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഏറെ ഗുണകരമാകും തൊഴിൽമേളയെന്ന് ജില്ല എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഓഫിസർ അജിത് ജോൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം മേളകളും മറ്റും കാസർകോട്ടോ കാഞ്ഞങ്ങാട്ടോ കേന്ദ്രീകരിച്ചാണ് സാധാരണ നടത്താറുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ജില്ലയുടെ അതിർത്തി മേഖലയായ മഞ്ചേശ്വരം മേളക്ക് വേദിയാവുന്നത്. ഈ മേഖലയിലുള്ളവർക്ക് കൂടുതൽ തൊഴിൽ സാധ്യത ലഭിക്കാനാണിത്.
മേളക്ക് ഹാജരാകുമ്പോൾ സർട്ടിഫിക്കറ്റുകളുടെ കുറഞ്ഞത് മൂന്നുകോപ്പിയെങ്കിലും (കൂടുതൽ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത്രയും എണ്ണം) കരുതണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം മൂന്നുമേളകളാണ് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജില്ലയിൽ സംഘടിപ്പിച്ചത്. 92 കമ്പനികൾ പങ്കെടുത്തു. 818 പേരുടെ ഷോർട്ട് ലിസ്റ്റാണ് തയാറാക്കിയത്. അതിൽ നാനൂറോളം പേർക്ക് ജോലി ലഭിച്ചു.
ബാക്കിയുള്ളവരുടെ ലിസ്റ്റ് ഇപ്പോഴും കമ്പനികളുടെ കൈവശം ഉണ്ട്. അതിൽനിന്ന് ഇനിയും നിയമന സാധ്യതയുണ്ടെന്നും ഓഫിസർ അജിത് ജോൺ പറഞ്ഞു. https: //forms.gle/wrVuXbvR7VUi8Qbg8 എന്ന ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9207155700, 04994255582.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.