കാസർകോട്: പൊതുമേഖല സ്ഥാപനമായ കെൽ ഇ.എം.എൽ കമ്പനി ഫെബ്രുവരി 15ന് തുറക്കുമെന്ന വ്യവസായ മന്ത്രി പി. രാജീവിെൻറ പ്രഖ്യാപനം വെറുതെയായി. ബദ്രഡുക്കയിലെ കമ്പനി പ്രദേശം സന്ദർശിച്ചശേഷമാണ് 15ന് കമ്പനി തുറക്കുമെന്ന പ്രഖ്യാപനം നടത്തിയത്. നവംബർ ഒന്നിനു ശേഷം പുതുവത്സര ദിനത്തിലും തുറക്കുമെന്ന് പ്രഖ്യാപിച്ച കമ്പനിയാണിത്.
പുതിയ കമ്പനിയെന്ന നിലക്ക് പുതിയ നിയമം നടപ്പാക്കിയുള്ള ധാരണപത്രമാണ് കമ്പനി തുറക്കുന്നതിന് തടസ്സമായത്. തൊഴിലാളികൾ നേരത്തേ അനുഭവിച്ചതൊന്നും പുതിയ കമ്പനിയിൽ ഉണ്ടാകില്ലെന്ന വിവാദ നിബന്ധനകളാണ് ധാരണപത്രത്തിലുള്ളത്. ഇതിൽ ഒപ്പിടാൻ കഴിയില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ എതിർപ്പ് നേരിടാൻ പുതിയ ധാരണയൊന്നുമുണ്ടാക്കാതെ അനങ്ങാപ്പാറ നയമാണ് സർക്കാർ പുലർത്തുന്നത്. ഫലത്തിൽ കമ്പനി തുറക്കുന്നത് തന്നെ നീളുന്ന സ്ഥിതിയാണ്.
റെയിൽവേക്ക് ആവശ്യമായ ജനറേറ്ററുകൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ മികച്ച പൊതുമേഖല കമ്പനികളിലൊന്നായിരുന്നു കെൽ. 2009ൽ ഭെൽ ഏറ്റെടുത്തതോടെയാണ് കമ്പനിയുടെ കഷ്ടകാലം തുടങ്ങിയത്. ഭെൽ അധികൃതർ കമ്പനി തിരിഞ്ഞുനോക്കിയില്ല. നഷ്ടത്തിൽ കൂപ്പുകുത്തി ശമ്പളം മുടങ്ങിയെങ്കിലും കമ്പനി പ്രവർത്തിച്ചു. 2020 മാർച്ചിൽ ലോക്ഡൗണിെൻറ മറവിൽ അടച്ചിട്ടു. ഇതോടെ, ജീവനക്കാർ പട്ടിണിയിലാവുകയും നിയമയുദ്ധങ്ങൾ ആരംഭിക്കുകയും ചെയ്തു. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഭെല്ലിൽനിന്ന് കമ്പനി സംസ്ഥാനം ഏറ്റെടുത്തു. ഇതിനായി 77 കോടിയുടെ പാക്കേജും സർക്കാർ പ്രഖ്യാപിച്ചു.
ഭെൽ പോയതോടെ പഴയകെൽ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിടത്തുനിന്നാണ് ജീവനക്കാർക്ക് പ്രഹരമുണ്ടായത്. ഭെൽ ഇ.എം.എൽ എന്ന പേര് കെൽ ഇ.എം.എൽ എന്നാക്കി അറ്റകുറ്റപ്പണിയെല്ലാം പൂർത്തിയാക്കി. എന്നാൽ പുതിയ കമ്പനിയാണെന്നും പുതിയ വ്യവസ്ഥകളാണ് നിലനിൽക്കുകയെന്നും ധാരണയുണ്ടാക്കി. ഇതോടെയാണ് ധാരണപത്രത്തിൽനിന്ന് തൊഴിലാളികൾ പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.