കുഴൽപണ കേസ്: തെരഞ്ഞെടുപ്പ് വരവുചെലവ് കണക്കുകൾ ബി.ജെ.പി പൂഴ്ത്തി

കാസർകോട്: കൊടകര കുഴൽപണ കേസിന്റെ പശ്ചാത്തലത്തിൽ, ബി.ജെ.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്ക് പൂഴ്ത്തിവെച്ചതായി ആരോപണം. മേൽകമ്മിറ്റിയിൽനിന്ന് ലഭിച്ചതും പിരിച്ചതുമുൾപ്പെടെയുള്ള ഫണ്ട് വിനിയോഗിച്ച കണക്കുകൾ കോർ കമ്മിറ്റിയിലും ജില്ല ഭാരവാഹികളുടെ യോഗത്തിലും വേണ്ടിവന്നാൽ ജില്ല കമ്മിറ്റിയിലും അവതരിപ്പിച്ച് അംഗീകാരം നേടണം. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരവുചെലവുകൾ കോർകമ്മിറ്റിയിൽ മാത്രം അവതരിപ്പിച്ചാൽ മതിയെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ നിർദേശം. 14 ജില്ലകളിലും അങ്ങനെ തന്നെ ചെയ്തു.

കോർ കമ്മിറ്റിയിൽ ജില്ല പ്രസിഡന്റ്, രണ്ടു ജനറൽ സെക്രട്ടറിമാർ, സംസ്ഥാന പ്രഭാരി എന്നിവരാണ് ഉണ്ടാവുക. ഫണ്ട് വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് കോർ കമ്മിറ്റിയിൽ ഒതുക്കിയതെന്നാണ് കെ. സുരേന്ദ്രൻവിരുദ്ധ പക്ഷം പറയുന്നത്. ഭാരവാഹികളുടെ യോഗത്തിലും ജില്ല സമിതി യോഗത്തിലും കണക്ക് അവതരിപ്പിച്ചാൽ ഇത് പുറത്തെത്തും. ഇത് കൊടകര കുഴൽപണ കേസ് അന്വേഷണത്തെ സ്വാധീനിക്കുകയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ബാധിക്കുകയും ചെയ്തേക്കും എന്നതിനാലാണ് കണക്കുകൾ മരവിപ്പിച്ചത്. പല ജില്ലകളിലും കേന്ദ്രം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച സംശയങ്ങൾ ബി.ജെ.പിയിൽ പുകയുന്നുണ്ട്.

കർണാടക ആർ.എസ്.എസിന്റെ സമ്മർദത്തെത്തുടർന്ന് സുരേന്ദ്രൻ പക്ഷക്കാരനായ കാസർകോട് ജില്ല പ്രസിഡന്റിനെ മാറ്റുകയും പകരം വിരുദ്ധ പക്ഷത്തുള്ള രവീശതന്ത്രി കുണ്ടാറിനെ നിയമിക്കുകയും ചെയ്തിരുന്നു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രവീശതന്ത്രി കുണ്ടാറിന് പത്തുലക്ഷത്തോളം രൂപ സാമ്പത്തിക നഷ്ടം ഉണ്ടായതാണ് ജില്ല പ്രസിഡന്റിന്റെ സ്ഥാന ചലനത്തിലേക്ക് എത്തിയത്. കുമ്പളയിൽ സി.പി.എം അംഗത്തെ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനത്തേക്ക് പിന്തുണച്ച സംഭവവും ഇതിന്റെ പേരിൽ മുൻ ജില്ല പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് കാസർകോട് ബി.ജെ.പി ഓഫിസിനുമുന്നിൽ സമരം നടന്നതിനുമെല്ലാം ബി.ജെ.പിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധമുണ്ട് എന്നാണ് ആരോപണം. കാസർകോട്ടെ ബി.ജെ.പി വിമത സ്വരങ്ങൾക്ക് നിലവിലെ ജില്ല പ്രസിഡന്റിന്റെ പിന്തുണ കൂടിയുണ്ട് എന്നതാണ് കൗതുകം.

Tags:    
News Summary - Money laundering case: BJP hoarded election income and expenditure figures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.