കാസർകോട്: നഗരസഭ ചെയർമാൻ സ്ഥാനം പാർട്ടിക്കാർ തമ്മിൽ പങ്കുവെക്കുന്നത് സംബന്ധിച്ച് ലീഗിൽ വിവാദം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് നഗരഭരണം ലഭിച്ച ലീഗ് വി.എം. മുനീറിനെയാണ് ചെയർമാനാക്കിയത്. എന്നാൽ, അന്ന് പാർട്ടിയിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് മുനീറിനും ചെയർമാൻ സ്ഥാനത്തിന് അവകാശം ഉന്നയിച്ച അബ്ബാസ് ബീഗത്തിനുമായി രണ്ടര വർഷം വീതം നൽകാൻ നേതൃതലത്തിൽ തീരുമാനിച്ചു. മുനീറിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. അബ്ബാസ് ബീഗത്തിന് സ്ഥാനം കൈമാറാൻ ലീഗ് ജില്ല നേതൃത്വം തീരുമാനിച്ചതോടെ പാർട്ടി അണികളിൽ ചർച്ച നടക്കുകയാണ്.
സാധാരണ മുന്നണികൾ തമ്മിലാണ് കാലാവധി വീതംവെപ്പ് നടത്തുക. ഇടതുപക്ഷത്തിലും ഐക്യമുന്നണിയിലും ഇതുസംബന്ധിച്ച് ധാരണയുണ്ടാകാറുണ്ട്.
എന്നാൽ, ഒരേ പാർട്ടിക്കാർ സ്ഥാനം പകുത്തെടുക്കുന്നത് ഭാവിയിൽ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
ഇന്ന് നഗരസഭയിൽ പാർട്ടി ഗ്രൂപ്പുകൾക്ക് വേണ്ടിയെടുത്ത തീരുമാനം നാളെ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും സ്വയം പകുത്തെടുക്കുന്ന സ്ഥിതിവരും. നേതൃത്വത്തിന്റെ ആജ്ഞാശക്തിയെ ദുർബലമാക്കുമെന്നും എല്ലാ ഘടകങ്ങളിലും ഗ്രൂപു പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും ആശങ്കപ്പെടുന്നു.
നഗരസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിനു പിന്നാലെ അബ്ബാസ് ബീഗത്തിന്റെ പേര് ജില്ല നേതൃത്വം മുന്നോട്ടുവെച്ചു. ഐ.എൻ.എല്ലിൽ നിന്ന് ലീഗിലേക്ക് തിരികെ വന്ന അബ്ബാസ് ബീഗം നഗരസഭയിൽ ലീഗിന്റെ അടിത്തറ പുനഃസ്ഥാപിക്കുന്നതിന് നിർണായക പങ്കുവഹിച്ചുവെന്നതാണ് പാർട്ടിയിൽ ബീഗത്തിനുള്ള സ്വാധീനത്തിനു കാരണം.
ഇടക്കാലത്ത് നഗരഭരണം ലീഗിന് കൈവിട്ടിരുന്നു. അത് തിരിച്ചെത്തിക്കുന്നതിൽ ബീഗത്തിന്റെ പങ്ക് വലുതായി കാണുന്നവരുമുണ്ട്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ ശക്തമായ പിന്തുണയുള്ള നേതാവാണ് അബ്ബാസ് ബീഗം.
പങ്കുവെപ്പിനുള്ള പ്രധാന കാരണം എം.എൽ.എയുടെ പിൻബലം കൂടിയാണ്. വി.എം. മുനീറിനെ രണ്ടര വർഷത്തിനു ശേഷം നീക്കുമെന്നത് പാർട്ടിയിലെ നേതൃതലത്തിലുള്ള ധാരണയാണ്. ഇത് അണികളിൽ പലർക്കും അറിയുന്നത് ഈ അടുത്തകാലത്താണ്. ഇതിനെതിരെ ഖാസിലേൻ വാർഡ് കമ്മിറ്റി ചെയർമാൻ വി.എം. മുനീറിന് കത്ത് നൽകിയിട്ടുണ്ട്. ചെയർമാൻ സ്ഥാനം രാജി വെക്കുകയാണെങ്കിൽ വാർഡ് കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്ന് ഖാസിലേൻ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനം പങ്കുവെക്കുന്നതിനെതിരെ ഖാസിലേൻ വാർഡ് കമ്മിറ്റി നേരത്തേ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമാണ് കൗൺസിൽസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിന് പിന്നിൽ. പതിനഞ്ചിനകം രാജിവെക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.