കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേയ് മൂന്നു മുതല്‍ ഒമ്പതുവരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് സബ് കലക്ടറും പ്രാദേശിക സംഘാടക സമിതി കണ്‍വീനറുമായ സൂഫിയാന് അഹമ്മദ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മേയ് മൂന്നിന് വൈകീട്ട് മൂന്നിന് കോട്ടച്ചേരി പഴയ ബസ്റ്റാൻഡ് മുതല്‍ ആലാമിപ്പള്ളി പുതിയ ബസ്റ്റാൻഡ് വരെ സാംസ്കാരിക ഘോഷയാത്ര നടക്കും.
വൈകീട്ട് അഞ്ചിന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകീട്ട് ഏഴിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര് എന്നിവര്‍ ഒരുക്കുന്ന സൂഫി സംഗീത സദസ് അരങ്ങേറും. മേയ് നാലിന് രാവിലെ 10ന് കാസര്‍കോട് നവകേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകള്‍,11.30ന് സാമ്പത്തിക സാക്ഷരത ‘അറിവ് നേടാം പ്രാപ്തരാകാം’, ഉച്ചക്ക് 12.30ന് ഡിജിറ്റല്‍ സാക്ഷരത, ഉച്ചക്ക് രണ്ടിന് പട്ടികവര്‍ഗ വികസനത്തിലെ നൂതന തൊഴില്‍ സംരംഭങ്ങളുടെ സാധ്യതയും പ്രായോഗികതയും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
മേയ് അഞ്ചിന് രാവിലെ 10.30ന് ജില്ല ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് നടത്തുന്ന പുസ്തകമേള പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് ആരോഗ്യ സെമിനാര്‍ ‘ജീവിത ശൈലിയും ആരോഗ്യവും’, വൈകീട്ട് മുന്നിന് ഡി.പി.ആര് ശിൽപശാല എന്നിവ നടക്കും.
മേയ് ആറിന് രാവിലെ 10.30ന് ‘യുവതയുടെ കാസർകോട് - ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ (ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കുള്ള ശിൽപശാല) ഐ.ഐ.എം കോഴിക്കോട് പോളിസി പ്രഫഷനല്‍സ് സോനല്‍ കുരുവിള, ആനന്ദ് എസ്. ഉണ്ണി, ഗൗതം കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും.
ഉച്ചക്ക് 12ന് വിവിധ മേഖലകളില്‍ കാസർകോട് ജില്ലയില്‍ നിന്ന് ദേശീയ പുരസ്കാരം നേടിയ യുവജനങ്ങളെ യുവപ്രഭ പുരസ്കാരം നല്കി അനുമോദിക്കും. അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2.30ന് ഉന്നത തൊഴില്‍ മേഖലകള്‍ ശിൽപശാല - ഐ.ഐ.എം കോഴിക്കോട് പോളിസി പ്രഫഷനല്‍സ് സോനല്‍ കുരുവിള, ആനന്ദ് എസ്. ഉണ്ണി, ഗൗതം കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും.
മേയ് ഏഴിന് രാവിലെ 10.30ന് സാംസ്കാരികസമ്മേളനം - കേരള സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ. പനയാല്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് ജില്ലയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഗമം. മേയ് എട്ടിന് രാവിലെ 10.30ന് വനിത ശിശുവികസന വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും കുട്ടികളുടെ അവകാശങ്ങളും ശിശു സംരക്ഷണ നിയമങ്ങളും സെമിനാര്‍. രാത്രി ഏഴിന് ചലച്ചിത്രനടന്‍ സന്തോഷ് കീഴാറ്റൂരിന്റെ ഏകപാത്ര നാടകം പെണ്നടന് അരങ്ങേറും.ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡോ.വി.പി.പി. മുസ്തഫ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് സമാപന സമ്മേളനത്തില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യും. രാത്രി ഏഴിന് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന ‘ജാസി ഗിഫ്റ്റ് നൈറ്റ് ’അരങ്ങേറും.
വാര്‍ത്ത സമ്മേളനത്തില്‍ കിഫ്ബി സ്റ്റേറ്റ് കോഓഡിനേറ്റര്‍ കെ.ബി. ജയപ്രകാശ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസറും ജില്ലതല സംഘാടക സമിതി കണ്‍വീനറുമായ എം. മധുസൂദനന് എന്നിവരും പങ്കെടുത്തു.
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മേയ് മൂന്ന് മുതല്‍ ഒമ്പതുവരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ് എന്നിവര്‍ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെത്തി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, കിഫ്ബി പ്രതിനിധി എം.ഇ. പ്രിയേഷ് എന്നിവര്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു. 189 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കുക. 100 വാണിജ്യ സ്റ്റാളുകളും 89 സേവന പ്രദര്‍ശന സ്റ്റാളുകളും മേളയുടെ ഭാഗമാകും. മേയ് മൂന്നിന് വൈകീട്ട് വര്‍ണാഭമായ ഘോഷയാത്രയോടെ മേളക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് പ്രൗഢ ഗംഭീരമായ സദസ്സില്‍ ജില്ലയുടെ ചുമതലയുള്ള പുരാവസ്തു -തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.