മൊഗ്രാൽ: ദേശീയപാതയിൽ ഒരു പദ്ധതിക്കും ദീർഘ വീക്ഷണമില്ല. തോന്നുമ്പോൾ തോന്നുന്ന രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ. ദുരിതത്തിലാകുന്നതാകട്ടെ വിദ്യാർഥികളും കാൽനടക്കാരും.
സർവിസ് റോഡിലെ ഓവുചാലുകളുടെ പണി പൂർത്തിയാക്കുകയും നടപ്പാത നിർമാണം ആരംഭിക്കാനിരിക്കെയുമാണ് കേബ്ൾ സ്ഥാപിക്കാനുള്ള കുഴി തോണ്ടൽ. അതും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്. ദേശീയപാതയിൽ നടപ്പാത നിർമാണം വൈകുന്നതിൽ നേരത്തേതന്നെ വ്യാപക പരാതി ഉയർന്നിരുന്നു. ഹൈകോടതി പോലും നടപ്പാതയുടെ അനിവാര്യത മറ്റൊരു കേസിൽ ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. ഇതിനിടയിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാത നിർമാണത്തിനായുള്ള ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി സ്ഥലമൊക്കെ നിരപ്പാക്കിത്തുടങ്ങിയിരുന്നു. ഈ സ്ഥലമാണ് ഇപ്പോൾ കേബ്ൾ സ്ഥാപിക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നത്. ഇത് കാൽനടക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. കേബ്ൾ സ്ഥാപിച്ചാൽ കുഴി മൂടുന്നതാകട്ടെ പേരിനു മാത്രവും. ബാക്കി ദേശീയപാത നിർമാണ കമ്പനി അധികൃതർ ചെയ്തോളും എന്ന ഭാവമാണ്.
ഇതൊക്കെ ദീർഘവീക്ഷണത്തോടെ ചെയ്തിരുന്നുവെങ്കിൽ ഇത്തരത്തിൽ പരാതികൾ ഉയരില്ലായിരുന്നുവെന്ന് നാട്ടുകാരും വിദ്യാർഥികളും പറയുന്നു. കുഴിയെടുത്ത ഭാഗത്തും മൂടിയ ഭാഗത്തും ഇപ്പോൾ ചളിയായി നിൽക്കുന്നതും കാൽനടക്കാർക്ക് ദുരിതമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.