കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസർകോട്ടെ പല പ്രദേശങ്ങളും വിഭജിക്കപ്പെടുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിലാണ് ജനങ്ങൾ. അടിപ്പാത വേണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
നുള്ളിപ്പാടിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ചു. അണങ്കൂർ മുതൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് വരെ മേൽപാലമാണെന്നു പറഞ്ഞ് അധികൃതർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സമരസമിതി ഭാരവാഹികൾ പറയുന്നു.
നുള്ളിപ്പാടിയിൽ എട്ടോളം വാർഡിലുള്ള ഏകദേശം രണ്ടായിരത്തോളം വരുന്ന ജനങ്ങൾ താമസിക്കുന്ന ജനസാന്ദ്രതയുള്ള പ്രദേശത്തെ ദേശീയപാത പ്രവൃത്തിയിൽ അടിപ്പാത വേണമെന്നും സമരസമിതി നേതൃത്വം ആവശ്യപ്പെടുന്നു.
കഴിഞ്ഞദിവസം മരിച്ച ഒരാളുടെ മൃതദേഹവുമായി ആംബുലൻസിൽ പോകേണ്ടിവന്ന ഗതികേടും ജനങ്ങൾ പറഞ്ഞു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റേഷൻഷോപ്, പൊതുശ്മശാനം, ഖബർസ്ഥാൻ എന്നിവയുള്ള പ്രദേശങ്ങളാണ് രണ്ടായി വിഭജിക്കപ്പെട്ടിട്ടുള്ളത്. റേഷൻഷോപ്പിൽനിന്ന് അരിവാങ്ങി മടങ്ങുന്ന സാധാരണക്കാർ ഓട്ടോക്ക് നൂറ്റമ്പത് രൂപയോളം കൊടുത്ത് സഞ്ചരിക്കേണ്ട നിസ്സഹായാവസ്ഥയും ഒരു നാട്ടുകാരൻ പങ്കുവെച്ചു.
വിവിധ ആവശ്യങ്ങൾക്ക് മിനിറ്റുകൾ മാത്രം ദൂരം സഞ്ചരിച്ചിരുന്ന ജനങ്ങൾ ദേശീയപാത പ്രവൃത്തി പൂർത്തിയാകുന്നതോടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അടിപ്പാതയോ മേൽപാലമോ വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. നുള്ളിപ്പാടിയിൽ നടന്ന പ്രക്ഷോഭം നഗരസഭ കൗൺസിലർ പി. രമേശൻ ഉദ്ഘാടനം ചെയ്തു.
എം. ലളിത അധ്യക്ഷത വഹിച്ചു. വിമല ശ്രീധർ, ശാരദ, ഹാരിസ് നുള്ളിപ്പാടി, ഡോ. അഫ്സൽ, ഹരീഷ് കോട്ടക്കണ്ണി, രവി, ശങ്കര ജെ.പി കോളനി, ഉപേന്ദ്രൻ, വിനു ചെന്നിക്കര, ഗണേഷ്, രാമൻ ചെന്നിക്കര, സുരേന്ദ്രൻ, ബിന്ദു, ഇല്യാസ്, ശിഹാബ്, സൽമാൻ, അസൈനാർ തോട്ടുംഭാഗം, ദിനേശ്, നാസർ, ബിജു ഉണ്ണിത്താൻ, ഹരീഷ് നെല്ലിക്കുന്ന്, റാഫേൽ, ഡോ. ജയദേവ്, ഡോ. നാഗരാജ് ഭട്ട്, ഡോ. സുഹറ ഹമീദ്, അശോകൻ എന്നിവർ സംസാരിച്ചു. അനിൽ ചെന്നിക്കര സ്വാഗതവും വരപ്രസാദ് നന്ദിയും പറഞ്ഞു. അടിപ്പാത ഉടൻ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.