പ്രകൃതിദുരന്തം തുടർക്കഥ; എങ്ങുമെത്താതെ നീലേശ്വരം ദുരന്ത നിവാരണ സേവനകേന്ദ്രം

നീലേശ്വരം: ജില്ലയിൽ നീലേശ്വരത്ത് സ്ഥാപിക്കാൻ ഉദ്ദേശിച്ച ദുരന്ത നിവാരണസേന കേന്ദ്രം ഫയലിൽ മാത്രം ഒതുങ്ങി. നീലേശ്വരം പാലാത്തടം മലയാളം കാമ്പസിന് സമീപം റവന്യൂ ഭൂമി ഇതിനായി കണ്ടെത്തിയിരുന്നു.

ജില്ലയിൽ ദുരന്തമുണ്ടാകുമ്പോൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മലയോരത്ത് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങളും തുടരുന്ന സാഹചര്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം വൈകുന്നതാണ് കാരണമായി പറയുന്നത്.

മലപ്പുറം പാണ്ടിക്കാട്ടാണ് സേനയുടെ ആസ്ഥാനകേന്ദ്രം. എല്ലാ ജില്ലകളിലും ക്യാമ്പുകൾ ആരംഭിക്കണമെന്ന സംസ്ഥാന ദുരന്ത നിവാരണ സേനയുടെ തീരുമാന പ്രകാരമാണ് ജില്ലയിൽ നീലേശ്വരത്ത് സ്ഥാപിക്കാൻ തീരുമാനിച്ചത്. മുൻ എം.എൽ.എ കെ. കുഞ്ഞിരാമന്റെ ശ്രമഫലമായി പാലത്തടത്ത് ഏഴേക്കറിലധികം സ്ഥലവും ഇതിനായി കണ്ടെത്തി. തുടർന്ന് ഇതിനായുള്ള നിർദേശവും സർക്കാർക്കാറിനുമുന്നിൽ സമർപ്പിച്ചു. പക്ഷേ തുടർനടപടികൾ എങ്ങുമെത്താതെ കിടക്കുകയാണ്. ഭൂമി പതിച്ചുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നെങ്കിലും അതും മുടങ്ങി. ദേശീയപാതയുടെ ആറു കിലോമീറ്റർ ചുറ്റളവിലായിരിക്കണം ക്യാമ്പ് എന്ന് നിയമമുണ്ട്.

കൂടാതെ കടൽമാർഗം വേഗത്തിൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലമാണ് ഇതിനായി വേണ്ടത്. മടക്കര തുറമുഖം, തൈക്കടപ്പുറം ഹാർബർ, റെയിൽവേ സ്റ്റേഷൻ എന്നിവ വളരെ അടുത്തായതാണ് നീലേശ്വരത്തിന് പരിഗണന ലഭിക്കാനുള്ള കാരണം. കടൽമാർഗം വന്ന് ബോട്ടുവഴി കാര്യങ്കോട് പുഴയിലൂടെ നിർദിഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള സൗകര്യവുമുണ്ട്. തുറമുഖങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ എളുപ്പത്തിൽ എത്തിച്ചേരാനും നാവിക അക്കാദമിയുടെ സഹായം വേഗത്തിൽ ലഭ്യമാക്കാനും കഴിയുമെന്ന നേട്ടംകൂടി നീലേശ്വരത്തിനുണ്ട്.

Tags:    
News Summary - Natural Disaster Sequel; Nileswaram disaster relief service center without getting anywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.