നീലേശ്വരം: റെയിൽവേ സ്റ്റേഷനുകളുടെ ആധുനിക നവീകരണത്തിനായി ഇന്ത്യൻ റെയിൽവേ മന്ത്രാലയം രൂപവത്കരിച്ച അമൃത് ഭാരത് പദ്ധതിയിൽനിന്ന് നീലേശ്വരത്തെ പൂർണമായും തഴഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ സംസ്ഥാനത്തെ 34 സ്റ്റേഷനുകളെ ഉൾപ്പെടുത്തിയപ്പോൾ നീലേശ്വരം റെയിൽവേ സ്റ്റേഷനെ ഒഴിവാക്കുകയായിരുന്നു.
ജില്ലയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ മാത്രമാണ് പദ്ധതിയുടെ ഭാഗമാവുക. അമൃത് ഭാരത് സ്റ്റേഷൻ നീലേശ്വരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ വൻ വികസന സാധ്യതകൾ ഇവിടെ നടക്കുമായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തിലും വളരെ മുൻപന്തിയിലാണ്. മാത്രമല്ല മറ്റൊരിടത്തുമില്ലാത്ത 28
ഏക്കർ സ്ഥലം റെയിൽവേക്ക് സ്വന്തമായി നീലേശ്വരത്തുണ്ട്. അതുകൊണ്ടുതന്നെ അമൃത് പദ്ധതി നടപ്പാക്കാൻ എളുപ്പമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളിലാണ് ഇപ്പോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മതിയായ ഇരിപ്പിടങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ യാത്രക്കാർ ദുരിതത്തിലാണ്.
പ്രധാനപ്പെട്ട ദീർഘദൂര തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പില്ല. തീവണ്ടിയിൽ സഞ്ചരിക്കാത്തവർ രൂപവത്കരിച്ച പാസഞ്ചേഴ്സ് അസോസിയേഷൻ യാത്രക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപെടുത്തുന്നതിന് ബന്ധപെട്ടവർ റെയിൽവേ വകുപ്പിൽ സമ്മർദം ചെലുത്തിയാൽ മാത്രമേ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വികസനം നടക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.