മൊഗ്രാൽ: കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം പഴകി ദ്രവിച്ച് തകർന്നുവീണുകൊണ്ടിരിക്കുന്ന രണ്ടു കെട്ടിടങ്ങൾ വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. പൊളിച്ചുമാറ്റാൻ പി.ഡബ്ല്യൂ.ഡി അധികൃതരോട് പി.ടി.എയും അധ്യാപകരും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആവശ്യപ്പെട്ടുവരുകയാണെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ഈ അധ്യയനവർഷവും പി.ടി.എയും അധ്യാപകരും കെട്ടിടത്തിനുസമീപം കാവലിരിക്കേണ്ട അവസ്ഥയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാർഥികൾക്ക് ഭീഷണിയായിട്ടുള്ളത്.
സ്കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാർഥികളും ഇടവേളകളിൽ പുറത്തിറങ്ങുന്ന വിദ്യാർഥികളുമൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിനടുത്തേക്കാണ് പോകുന്നത്. ഇത് രക്ഷിതാക്കളിലും അധ്യാപകരിലും വലിയ ആശങ്കയാണുണ്ടാക്കുന്നത്. 50 വർഷത്തിലേറെ പഴക്കമുള്ളതാണ് ഇരുകെട്ടിടവും. പണ്ടുകാലത്ത് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങൾ. പിന്നീടത് പി.ഡബ്ല്യു.ഡി ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂരയുടെ പകുതിഭാഗവും ദ്രവിച്ച് നിലംപൊത്തിയിട്ടുണ്ട്. ബാക്കിഭാഗമാണ് ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ പാകത്തിലിരിക്കുന്നത്.
രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും യു.പിയിലെയും വിദ്യാർഥികൾ തകർച്ചയെ നേരിടുന്ന ഈ കെട്ടിടങ്ങൾക്കരികിലൂടെയാണ് നടക്കുകയും വിശ്രമവേളകളിൽ കളിക്കുകയും ചെയ്യുന്നത്. കളിക്കിടെ മഴപെയ്താൽ കുട്ടികൾ ഈ കെട്ടിടത്തിനുള്ളിൽ കയറിയാണ് നിൽക്കാറുള്ളതും.
കഴിഞ്ഞ ഫെബ്രുവരി കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പുനഃപ്രതിഷ്ഠ ബ്രഹ്മ കലശോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ സംഗമിച്ചപ്പോൾ കെട്ടിടത്തിനരികിൽ വളന്റിയർമാർക്ക് കാവൽ നിൽക്കേണ്ടിവന്നിട്ടുണ്ട്. സ്കൂൾ മൈതാനത്ത് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. വിഷയത്തിൽ സ്കൂൾ തുറക്കുന്നതിന് മുമ്പായി അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെയും പി.ടി.എയുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.