കാസർകോട്: ശസ്ത്രക്രിയ നിർദേശിച്ച രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോൾ അറസ്റ്റിലായ കാസർകോട് ജനറൽ ആശുപത്രി അനസ്തെറ്റിസ്റ്റ് ഡോ. വെങ്കിടഗിരിക്കെതിരെ സസ്പെൻഷൻ നടപടിയായില്ല. അഴിമതികേസിൽ അറസ്റ്റിലായ ആൾ 24 മണിക്കൂർ സമയം ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അദ്ദേഹം സസ്പൻഷനിലാണ് എന്നാണ് ചട്ടം.
എന്നാൽ ഡോ. െവങ്കിടഗിരിക്കെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഒക്ടോബർ മൂന്നിനാണ് വെങ്കിടഗിരി അറസ്റ്റിലായത്. ഒരാഴ്ച പിന്നിട്ടിട്ടും അദ്ദേഹത്തിനെതിരെയുള്ള നടപടി വെളിപ്പെടുത്തിയിട്ടില്ല. തലശ്ശേരി വിജിലൻസ് കോടതിയാണ് ഡോ. വെങ്കിടഗിരിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഉടൻ തന്നെ വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരൻ സസ്പെൻഷൻ ശിപാർശ ചെയ്തിരുന്നു. റവന്യൂ, മോട്ടോർ വാഹന വകുപ്പ്, തുടങ്ങിയ വകപ്പുകളിൽ വിജിലൻസ് എടുക്കുന്ന കേസുകളിൽ അറസ്റ്റിലായി ഏതാനും മണിക്കൂറുകൾക്കം ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്യാറുണ്ട്. എന്നാൽ വെങ്കിടഗിരിക്ക രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്ന സംശയം ബലപ്പെടുന്നു.
വെങ്കിടഗിരിക്കെതിരെ ഇതിനു മുമ്പ് വിജിലൻസ് നടപടിയും മനുഷ്യാവകാശ കമീഷനിൽ പരാതിയും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമീഷനിൽ ലഭിച്ച പരാതിയിൽ ആരോഗ്യ ഡയറക്ടറേറ്റ് നേരിട്ട് എത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നതിനാൽ തുടർ നടപടിയുണ്ടായില്ല. വെങ്കിടഗിരിയെ ആരോഗ്യവകുപ്പും ഐ.എം.എയും സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡോക്ടർമാർ വാർത്തസമ്മേളനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.