കാസർകോട്: കേന്ദ്ര സർക്കാർ ഏറ്റെടുത്ത് തകർച്ചയിലായ ഭെൽ ഇ.എം.എൽ കമ്പനിക്ക് പഴയ കെൽ രൂപത്തിൽ പുനർജന്മം. രണ്ടു വർഷത്തോളമായി പൂട്ടിക്കിടക്കുന്ന കാസർകോടിെൻറ സ്വന്തം കെൽ യൂനിറ്റിന് ഗംഭീരമായ തിരിച്ചുവരവ്. ഭെൽ ഏറ്റെടുത്ത 51ശതമാനം ഒാഹരിയും തിരിച്ചുവാങ്ങിയാണ് കേന്ദ്രം കൈയൊഴിഞ്ഞ കമ്പനി കേരളം തിരിച്ചുവാങ്ങിയത്. ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂനിയെൻറ ശക്തമായ ഇടപെടലിെൻറ വിജയം കൂടിയാണിത്. തകരുന്ന പൊതുമേഖല സ്ഥാപനത്തെ കുറിച്ച് മാധ്യമം ഏപ്രിലിൽ വാർത്ത പരമ്പര ചെയ്തിരുന്നു. കാസര്‍കോട് ബെദ്രടുക്കയിലെ 12 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കേരള ഇലക്ട്രിക്കൽ ആൻഡ് അലെയ്ഡ് എൻജിനീയറിങ് കമ്പനി (കെൽ) ലിമിറ്റഡാണ് രാജ്യത്തെ മഹാരത്ന കമ്പനിയായ ഭെൽ ഏറ്റെടുത്തത്. കമ്പനിയുടെ 51 ശതമാനം ഒാഹരിയും വാങ്ങി ഭെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് എന്നപേരിൽ (ഭെൽ ഇ.എം.എൽ) സ്വന്തമാക്കി. എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെയായിരുന്നു ഇൗ കൈമാറ്റം. ഭെൽ ഏറ്റെടുത്തതോടെ കമ്പനിയുടെ തകർച്ചയും തുടങ്ങി. 2018ൽ ശമ്പളം മുടങ്ങി. 2020 മാർച്ചിൽ ലോക്ഡൗണിെൻറ മറവിൽ അടച്ചിടുകയും ചെയ്തു. ലോക്ഡൗൺ പിൻവലിച്ചിട്ടും കമ്പനി തുറക്കാതായതോടെ ജീവനക്കാർ വഴിയാധാരമായി. ഇതോടെ കമ്പനി മുന്നോട്ടുകൊണ്ടുപോവാൻ കഴിയാതെ കേന്ദ്ര ഉപരിതല മന്ത്രാലയം വിൽക്കാൻ തീരുമാനിച്ചു. കേന്ദ്രം വിൽപനക്കുവെച്ച സ്ഥാപനം കൂടിയാണ് സംസ്ഥാനം വാങ്ങുന്നത്.
ഏറ്റെടുക്കാൻ 77 കോടി
കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടിയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടി രൂപ മുടക്കിയാണ് സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് 14കോടിയോളം രൂപയുടെ ശമ്പളകുടിശ്ശിക നൽകും. ട്രാക്ഷന്‍ മോട്ടോറുകള്‍, റെയില്‍വേ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍, വൈദ്യുതി മേഖലയിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്ട്രോളറുകള്‍ തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന സ്ഥാപനമാക്കി കമ്പനിയെ മാറ്റാനാണ് സർക്കാർ തീരുമാനം. സർക്കാറിെൻറ നൂറുദിന കർമപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കമ്പനി ഏറ്റെടുക്കൽ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചത്.
പുതിയ മന്ത്രിസഭ നിർണായകം
ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് കമ്പനി അടച്ചിടൽ നടന്നെങ്കിലും കാര്യമായ ഇടപെടൽ നടത്തിയില്ല. ജീവനക്കാർ മാസങ്ങളോളം കാസർകോട് പുതിയ ബസ്സ്റ്റാൻഡിലെ ഒപ്പുമരചുവട്ടിൽ സത്യഗ്രഹം നടത്തി. എല്ലാ യൂനിയനുകളും ഒന്നിച്ചായിരുന്നു സമരം. പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ ജീവനക്കാരുടെ സംഘടനകൾ മന്ത്രി പി. രാജീവിനെ കണ്ടു. ഒാണത്തിന് മുമ്പ് കമ്പനി ഏറ്റെടുക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ഉറപ്പുനൽകി. മന്ത്രിയുടെ ഉറപ്പുകൂടിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
കെല്ലിന് 77കോടി; ബോർഡ് യോഗം ഇന്ന്
കാസർകോട്: കേന്ദ്ര സർക്കാർ വിൽപനക്കുെവച്ച പൊതുമേഖല സ്ഥാപനമായ ഭെൽ ഇ.എം.എൽ കമ്പനി കേരള സർക്കാർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. സംസ്ഥാന സർക്കാർ ഏറ്റെടുത്തശേഷം ആദ്യ ഡയറക്ടർ ബോർഡ് യോഗം വ്യാഴാഴ്ച നടക്കും. ഭാവി പ്രവർത്തനങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. തൊഴിലാളികൾക്ക് കുടിശ്ശികയുൾെപ്പടെ നൽകുന്നതിന് 77കോടി അനുവദിച്ചുകൊണ്ട് പിണറായി വിജയൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2011ൽ കേരള സർക്കാർ കമ്പനിയായ കെല്ലിെൻറ കാസർകോട് യൂനിറ്റാണ് ഭെൽ ഏറ്റെടുത്ത് ഭെൽ ഇ.എം.എൽ കമ്പനി ആയി മാറ്റിയത്.
കെല്ലിനെ മാതൃക സ്ഥാപനമാക്കുന്നതിനുള്ള നടപടി സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ എം.പി പി. കരുണാകരൻ, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാറോ, ഭെൽ കമ്പനിയോ തിരിഞ്ഞുനോക്കാൻ തയാറാവാതെ കമ്പനി നഷ്ടത്തിലാവുകയും ജീവനക്കാർക്ക് ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയിലുമായി. 2020 മാർച്ച് മാസത്തിൽ ലോക്ഡൗണിെൻറ മറവിൽ കമ്പനി അടച്ചതിനുശേഷം തുറന്നു പ്രവർത്തിപ്പിക്കാൻ പോലും ഭെൽ മാനേജ്മെൻറ് തയാറായില്ല. നിരവധി തവണ കേരള സർക്കാർ സാമ്പത്തികമായടക്കം സഹായിച്ചിട്ടും കമ്പനി നന്നാക്കാൻ കേന്ദ്ര സർക്കാർ നടപടി എടുത്തിട്ടില്ല. അടച്ചുപൂട്ടാനോ വിൽപന നടത്താനോ കേന്ദ്രം തീരുമാനിച്ച സന്ദർഭത്തിൽ കമ്പനി ഏറ്റെടുത്ത് കേരള പൊതുമേഖലയിൽ സംരക്ഷിക്കാൻ കേരള സർക്കാർ തീരുമാനം എടുത്തു. ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി എടുത്തില്ല.
കമ്പനിയിലെ തൊഴിലാളി യൂനിയനുകൾ സംയുക്തമായി അനിശ്ചിത കാല സത്യഗ്രഹം നടത്താൻ നിർബന്ധിതരായി. ഏഴുമാസത്തെ സമരത്തിനൊടുവിൽ കമ്പനി കേരള സർക്കാറിന് വിട്ടുകൊടുക്കാൻ കേന്ദ്രം തീരുമാനിച്ചു. മേയ് 11ന് ഉത്തരവ് വന്ന ഉടനെ യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. രണ്ടാം എൽ.ഡി.എഫ് സർക്കാറിെൻറ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്. കമ്പനി പുനരുദ്ധാരണത്തിനായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സി.എം.ഡിയായി ഒരു ഡയറക്ടർ ബോർഡ് രൂപവത്കരിക്കുകയും കമ്പനിയുടെ ഭാവി പ്രവർത്തനത്തിനായി റിയാബിെൻറ നേതൃത്വത്തിൽ പ്രോജക്ട് തയാറാക്കുകയും ചെയ്തിട്ടുണ്ട്.
കമ്പനിയുടെ ബോർഡ് യോഗം ചേർന്ന് ഭാവി കാര്യങ്ങൾ തീരുമാനിക്കും. മാതൃസ്ഥാപനമായിരുന്ന കെൽ കമ്പനിയിൽ ലയിപ്പിച്ച് കമ്പനി ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നാണ് യൂനിയനുകളുടെയും ജീവനക്കാരുടെയും ആവശ്യം. രണ്ടര വർഷമായി മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ സ്ഥാപനത്തെ ഏറ്റെടുക്കുകയും ജീവനക്കാരെ സംരക്ഷിക്കാനും തയാറായ കേരള സർക്കാറിനെ അഭിവാദ്യം ചെയ്യുന്നതായി നേതാക്കൾ അറിയിച്ചു. പ്രദീപൻ പനയൻ, നാരായണൻ തെരുവത്ത്, അനിൽകുമാർ പണിക്കൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.