മംഗളൂരു: കങ്കനാടിയിലെ കൊളാസോ നഴ്‌സിങ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. കാമ്പസ് ഫ്രണ്ട് മംഗളൂരു സിറ്റി കമ്മിറ്റി കൊളാസോ നഴ്‌സിങ് കോളജിലേക്ക് മാർച്ച് നടത്തി. സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണന്നും കുറ്റക്കാരായ കോളജ് മാനേജ്മെൻറിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത സി.എഫ്.ഐ സംസ്ഥാന ട്രഷറർ സവാദ് കല്ലാർപെ ആവശ്യപ്പെട്ടു. മാർച്ചിന് ദക്ഷിണ കന്നഡ ജില്ല കമ്മിറ്റി അംഗങ്ങളായ മുർഷിദ ബാനു, ഫാത്തിമ ഉസ്മാൻ, ഹസൻ സിറാജ്, ഇനായത് അലി, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. കോളജ് മാനേജ്മെൻറിനെതിരെ കർശനമായ നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ദക്ഷിണ കന്നഡ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മംഗളൂരുവിലെ കോളജുകളിലേക്ക് കമീഷനുവേണ്ടി വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷൻ എടുപ്പിക്കുന്ന നിരവധി ഏജൻസികൾ ഉണ്ടെന്നും അവർക്കെതിരെയും നഴ്‌സിങ് കോളജിലെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എസ്.യു ദക്ഷിണ കന്നഡ ജില്ല പ്രസിഡൻറ് റിസ്വാൻ പാനമംഗളൂരു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മരണത്തിൽ ശരിയായ രീതിയിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുന്നയിച്ച് മംഗളൂരു അസി.സിറ്റി പൊലീസ് കമീഷണർക്ക് എ.ബി.വി.പി നിവേദനം നൽകി. സംഭവത്തിൽ കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.