കാസർകോട്: ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകണമെന്നും ആദിവാസികൾ പരമ്പരാഗതമായി കൈവശം വെച്ചുവരുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പട്ടികജനസമാജം നേതൃത്വത്തിൽ ഭൂസമരം തുടങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിന് മുന്നോടിയായി ഡിസംബർ മൂന്നിന് വെസ്റ്റ് എളേരി പഞ്ചായത്തിലെ കൊളത്തുക്കാട് ഭൂസമര പ്രഖ്യാപന കൺവെൻഷനും സംഘടന നടത്തിയ ഒന്നാം ഘട്ട ഭൂസമരത്തിലൂടെ പട്ടയം ലഭിച്ച 11 ആദിവാസി കുടുംബങ്ങളുടെ കുടുംബസംഗമവും സംഘടിപ്പിക്കും.
കാവുന്തല, കൊളത്തുക്കാട് ഊരിലെ മലവേട്ടുവൻ, മാവിലൻ സമുദായത്തിലെ ആദിവാസി കുടുംബങ്ങൾക്കാണ് പട്ടികജന സമാജത്തിന്റെ ഒന്നാം ഘട്ട ഭൂസമരത്തിലൂടെ പട്ടയം ലഭിച്ചിട്ടുള്ളത്. രണ്ടാം ഘട്ട ഭൂസമരത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വേണ്ടിയാണ് സമരം ആരംഭിക്കുന്നത്.
കാസർകോട് ജില്ല ഭരണകൂടത്തിന്റെ കണക്കനുസരിച്ച് അമ്പതിനായിരം ആദിവാസി ഗോത്ര ജനവിഭാഗമാണ് ജില്ലയിൽ അധിവസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുളളത്. ഇവരിൽ ഭൂരിഭാഗം കുടുംബങ്ങളും കൈവശംവെച്ചു വരുന്ന ഭൂമിക്ക് പട്ടയം ഇല്ല. ജില്ലയിലെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളുടെ ജനസംഖ്യ സംബന്ധിച്ച് ജില്ല ഭരണകൂടം പുറത്തുവിട്ടിട്ടുള്ള കണക്കും വസ്തുതാപരമല്ല.
ഭൂസമരം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ള വെസ്റ്റ്, ഈസ്റ്റ്, എളേരി വില്ലേജ് ഓഫിസ് പരിധിയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് പട്ടയമോ, കൈവശ രേഖകളോ ഇല്ലാത്തതിന്റെ പേരിൽ സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടാൻ കഴിയാതെ വന്നിട്ടുള്ളത്. ഈ വില്ലേജുകളിൽ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്ത നിരവധി ആദിവാസി ഗോത്ര ജനവിഭാഗങ്ങളും ഉണ്ട്.
ഇതെല്ലാം മറച്ചു വെച്ചാണ് റവന്യൂ വകുപ്പും സർക്കാറും മുന്നോട്ടുപോകുന്നത്. രണ്ടാംഘട്ട ഭൂസമരത്തിന്റെ പ്രവർത്തന രീതികളെ സംബന്ധിച്ചും സമരരൂപത്തെ സംബന്ധിച്ചും ഭൂസമര പ്രഖ്യാപന കൺവെൻഷൻ രൂപരേഖ തയാറാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ.എം മധു, ജില്ല വൈസ് പ്രസിഡന്റ് കെ.ആർ. പവിത്രൻ, കെ. ഹരികൃഷ്ണൻ, മോഹനൻ കൊളത്തുക്കാട്, ശ്രീധരൻ കൊളത്തുക്കാട് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.