കാസർകോട്: വെള്ളം വെള്ളം സർവത്ര, തുള്ളികുടിക്കാനില്ലത്രെ എന്നു പറയുന്നതു പോലെയാണ് കാസർകോടുകാരുടെ തീവണ്ടിയാത്ര സൗകര്യം. വണ്ടികൾ തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും തലങ്ങുംവിലങ്ങും പായുന്നുണ്ട്. എന്നാൽ, സന്ധ്യമയങ്ങും മുമ്പ് വീടെത്താനുള്ള വണ്ടികൾ കാസർകോടുകാർക്കില്ല.
ഒരു ദിവസത്തെ ആവശ്യത്തിനാണെങ്കിലും അടുത്ത നഗരങ്ങളായ കോഴിക്കോടും മംഗളൂരുവിലും മുറിയെടുത്ത് താമസിച്ച് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. കണ്ണൂരിൽനിന്ന് തെക്കോട്ടും മംഗളൂരുവിൽനിന്ന് വടക്കോട്ടും നഗരങ്ങൾ തീവണ്ടിയാത്രയുടെ വാതിൽതുറക്കുമ്പോൾ കാസർകോടുകാർ പ്ലാറ്റുഫോമിൽ ഇരുന്ന് വണ്ടിപോകുന്ന കാഴ്ചകൾ കാണാൻ വിധിക്കപ്പെടുന്നു. വൈകീട്ട് ആറരക്ക് കോഴിക്കോട് എത്തിയ ഒരാൾക്ക് കാസർകോട് എത്തണമെങ്കിൽ ഒരു ദിവസം കാത്തിരിക്കേണ്ട സ്ഥിതിയാണ്.
തുറമുഖ-വിമാനത്താവള നഗരങ്ങളാണ് കോഴിക്കോടും മംഗളൂരുവും. ഇരു നഗരങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നവരാണ് കാസർകോട് ജില്ലക്കാർ. ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, എയർപോർട്ട് എല്ലാത്തിനും ആശ്രയം മംഗളൂരുവാണ്. എന്നാൽ, ഇവിടെനിന്ന് 6.15ന് ശേഷം തെക്കോട്ടേക്ക് വണ്ടിയില്ല. മംഗളൂരുവിലെ ആശുപത്രികളിൽനിന്ന് മടങ്ങുന്നവർ ഏറെയും അവിടെ തങ്ങേണ്ടിവരുന്നു. പിന്നെയുള്ളത് അർധരാത്രിയിലെ ചെന്നൈ മെയിലാണ്.
കെ.എസ്.ആർ.ടി.സിയാവട്ടെ രാത്രിയോടെ സർവിസ് നിർത്തും. കോഴിക്കോടുനിന്നും വടക്കോട്ടേക്കുള്ള അവസാന വണ്ടി 5.15നാണ്. അതുകഴിഞ്ഞാൽ ബസ് സർവിസ് പോലും ലഭ്യമല്ല. പല ബസുകൾ കയറിയിറങ്ങി വന്നാൽപോലും കണ്ണൂരും കാഞ്ഞങ്ങാടും വരെയേ എത്തൂ.
വന്ദേ ഭാരത് ട്രെയിൻ വന്നെങ്കിലും അത് സാധാരണക്കാരന്റെ ആവശ്യങ്ങൾക്ക് ഉതകുന്നതല്ല. റിസർവ് ചെയ്ത് മാത്രം യാത്ര ചെയ്യുന്നവരല്ല എല്ലാവരും. സാധാരണക്കാർക്ക് ഉപകാരപ്പെടുന്നവിധം തീവണ്ടി യാത്ര സുഗമമാക്കുന്നതിന് ചില നിർദേശങ്ങളുണ്ടെങ്കിലും അത് ഗൗനിക്കുന്നില്ല.
രാവിലെ സർവിസ് നടത്തുന്ന മംഗലാപുരം- കോഴിക്കോട് പാസഞ്ചർ വണ്ടി ഒമ്പതരക്ക് കോഴിക്കോട് എത്തുന്ന വിധത്തിൽ സമയം ക്രമപ്പെടുത്തുകയാണ് അതിലൊന്ന്. പരശുറാം എക്സ്പ്രസ് രാവിലെ മംഗളൂരുവിൽനിന്ന് പത്തു മിനിറ്റ് നേരത്തെ പുറപ്പെട്ടാൽ കൂടുതൽ ഉപകാരപ്രദമാകും.
രാവിലെ മംഗളൂരുവിൽനിന്ന് കോഴിക്കോട് പോകുന്ന 16610 പാസഞ്ചർ വണ്ടി തിരിച്ച് ഉച്ചതിരിഞ്ഞ് 2.05 ന് 06481 നമ്പറായി അധികം യാത്രക്കാർ ഇല്ലാതെ കണ്ണൂരേക്കും തുടർന്ന് 06469 ആയി ചെറുവത്തൂരിലെക്കും പോകുന്നതിനു പകരം കോഴിക്കോടുനിന്ന് ഏറെ തിരക്ക് ഉള്ള വൈകീട്ട് 5.30 ന് നേരിട്ട് മംഗളൂരുവിലേക്ക് വിടുകയാണ് മറ്റൊരു പോംവഴി.
നേരത്തേ കണ്ണൂർ -മംഗളൂരു റൂട്ടിൽ അനുവദിച്ച് തിരിച്ചെടുത്ത മെമു പുനഃസ്ഥാപിക്കുക. അത് ഷൊർണൂർ- കണ്ണൂർ മെമുവുമായി ബന്ധപ്പെടുത്തി കണ്ണൂർ - ചെറുവത്തൂർ വണ്ടിയെ കണ്ണൂർ - മംഗലാപുരം സെൻട്രൽ വണ്ടിയായി സർവിസ് നീട്ടിയാൽ ജില്ലക്ക് ആശ്വാസമാകും.. ഇങ്ങനെ രണ്ടു മെമുകളെ ബന്ധിപ്പിക്കുമ്പോൾ രണ്ടു പുതിയ സർവിസുകൾ ആരംഭിക്കാൻ സാധിക്കും. ഒന്ന് രാവിലെ 11.30 ന് മംഗളുരുവിൽനിന്ന് എടുത്ത് ഉച്ച തിരിഞ്ഞ് 2.30 ന് കണ്ണൂരിൽ അവസാനിക്കുന്ന സർവിസ് നടത്താം.
മലബാർ എക്സ്പ്രസ് മംഗളൂരുവിൽനിന്നും 6.15ന് പുറപ്പെട്ടാൽ പിന്നെയുള്ളത് രൂക്ഷമായ യാത്രാ പ്രശ്നമാണ്. രാത്രി 11.30നാണ് അടുത്ത വണ്ടി. അത് ചെന്നൈക്കുള്ളതാണ്. ഇത് പരിഹരിക്കാൻ രാത്രി ഒമ്പതിന് മംഗളൂരുവിൽനിന്ന് 11.00 ന് ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടിയാണ്. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന മൂന്ന് വണ്ടികൾ മംഗളുരുവരെ നീട്ടിയാൽ ഏറക്കുറെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷെന്റ ആർ.പ്രശാന്ത് കുമാർ പറഞ്ഞു. കാസർകോട് ജില്ലക്കാർ ചികിൽസ, വിദ്യാഭ്യാസം, വ്യാപാരം, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ആശ്രയിക്കുന്ന നഗരമാണ് മംഗളൂരു എന്ന് അസോസിയേഷൻ ഭാരവാഹികളായ നിസാർ പെറുവാഡ്, നാസർ ചെർക്കളം എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.