കാസർകോട്: കോവിഡ് രണ്ടാംതരംഗവേളയിൽ ശ്വാസംമുട്ടിയ കാസർകോടിെൻറ ചിരകാലാഭിലാഷമായ സ്വന്തമായി ഓക്സിജൻ പ്ലാെൻറന്ന സ്വപ്നം സഫലമാവാൻ ഇനി അധികം കാത്തിരിക്കേണ്ട. ജില്ലയുടെ ആദ്യ ഓക്സിജൻ പ്ലാൻറ് പുതുവർഷ സമ്മാനമായി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. വൈദ്യുതി കണക്ഷൻകൂടി ലഭ്യമായാൽ പ്ലാൻറ് പ്രവർത്തനക്ഷമമാവും. അടിയന്തര പ്രാധാന്യം വന്നാൽ ഏതു നിമിഷവും ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്ന വിധമാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
മെഡിക്കൽ, വ്യവസായിക ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന പ്ലാൻറിെൻറ ഭൂരിഭാഗം പ്രവൃത്തിയും പൂർത്തിയായി. ഉയർന്ന വൈദ്യുതി ആവശ്യമുള്ളതിനാൽ ജനറേറ്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി ശേഷിക്കുന്നത്.
ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ചട്ടഞ്ചാലില്‍ 2.94 കോടി രൂപ ചെലവിലാണ് പ്ലാൻറ് ഒരുക്കുന്നത്. ഇതിൽ 1.87 കോടി പ്ലാൻറിന് മാത്രമാണ്. ഒക്ടോബർ 11ന് ഇതിന്റ പണി പൂർത്തിയായി. കെട്ടിടംപണിയും പൂർത്തിയായി.
ജില്ല വ്യവസായകേന്ദ്രത്തിെൻറ ഉടമസ്ഥതയിലുള്ള 50 സെൻറ് സ്ഥലത്താണ് പ്ലാൻറ് സജ്ജീകരിക്കുന്നത്. നിർമിതികേന്ദ്രക്കാണ് പ്രവൃത്തി ചുമതല. ജില്ല വ്യവസായകേന്ദ്രത്തിെൻറ മേൽനോട്ടത്തിലാണ് നിർമാണം.
ജില്ല പഞ്ചായത്തിെൻറയും ജില്ലയിലെ മുഴുവന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഫണ്ട് കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി സ്ഥാപിക്കുന്നത്. കൊച്ചി ആസ്ഥാനായ കെയര്‍ സിസ്റ്റംസാണ് പ്ലാൻറ് സ്ഥാപിച്ചത്.
200 സിലിണ്ടർ വരെ ഉൽപാദിപ്പിക്കാം
പ്രതിദിനം 200 സിലിണ്ടർ മെഡിക്കൽ ഓക്സിജൻ നിർമിക്കാൻ ശേഷിയുള്ള പ്ലാൻറാണിത്. പ്ലാൻറ് പ്രവർത്തനക്ഷമമാവുന്നതോടെ ജില്ലയുടെ ആവശ്യം പൂർണമായി നിറവേറ്റാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് രണ്ടാം തരംഗവേളയിൽ പ്രതിദിനം 200 സിലിണ്ടറുകളാണ് കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് എത്തിച്ചത്. അടിയന്തരഘട്ടത്തിൽപോലും ദിവസം ശരാശരി 180 ഓക്സിജൻ സിലിണ്ടറുകളാണ് ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഉപയോഗിച്ചിരുന്നത്. ഓക്സിജനിലെ പ്യൂരിറ്റി തോത് 93 മുതൽ 95 വരെയുള്ളതാണ് മെഡിക്കൽ ആവശ്യത്തിന് വേണ്ടത്. 96 മുതൽ 99 വരെയുള്ളതാണ് വ്യാവസായിക ആവശ്യത്തിന് വേണ്ടത്. കോവിഡ് പോലുള്ള നിർണായക വേളയിൽ അല്ലാത്തപ്പോൾ വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കാമെന്നതാണ് ഈ പ്ലാൻറിെൻറ സവിശേഷതയെന്ന് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ പറഞ്ഞു.
മറക്കില്ല, മംഗളൂരു വിലക്കിയ കാലം
ജില്ലയിലെ ആശുപത്രികൾ മെഡിക്കൽ ഓക്സിജനുവേണ്ടി ആശ്രയിച്ചിരുന്നത് മംഗളൂരുവിലെ വിവിധ പ്ലാൻറുകളെയായിരുന്നു. കോവിഡ് രണ്ടാം തരംഗവേളയിൽ പൊടുന്നനെ ജില്ലയിലേക്കുള്ള ഓക്സിജൻ വിതരണം കർണാടക സർക്കാർ വിലക്കി. കർണാടകയിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ മറ്റിടത്തേക്ക് നൽകരുതെന്ന ഉത്തരവ് നടപ്പാക്കിയതോടെ ഏറ്റവും വെല്ലുവിളി നേരിട്ടത് കാസർകോടായിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം വന്നതോടെ രോഗികളെ കൈയൊഴിഞ്ഞ സംഭവമുണ്ടായി. സംസ്ഥാന സർക്കാറും ജില്ല ഭരണകൂടവും ഇടപെട്ട് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ഓക്സിജൻ എത്തിച്ചാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. അത്തരം ദുരിത നാളുകൾക്കുകൂടിയാണ് സ്വന്തമായി ഓക്സിജൻ പ്ലാൻറ് വരുന്നതോടെ പരിഹാരമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.