ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ പ​യ്യ​ന്നൂ​ർ കോ​ള​ജ്​ ടീം

കണ്ണൂർ സർവകലാശാല കലോത്സവം: പയ്യന്നൂർ കോളജിന് കിരീടം

കാസർകോട്: കണക്കുകൂട്ടലുകൾ പിഴച്ചില്ല. കണ്ണൂർ സർവകലാശാല കലോത്സവ കിരീടം വീണ്ടും പയ്യന്നൂർ കോളജിന്. കോവിഡ് സൃഷ്ടിച്ച കഴിഞ്ഞവർഷത്തെ ഇടവേള മാറ്റിനിർത്തിയാൽ തുടർച്ചയായ പത്താം തവണയാണ് പയ്യന്നൂർ കോളജിന്‍റെ അപൂർവനേട്ടം. 248 പോയന്‍റുമായാണ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. 20ാമത്തെ തവണയാണ് പയ്യന്നൂർ കോളജ് കിരീടം സ്വന്തമാക്കുന്നത്.

കണ്ണൂർ ശ്രീനാരായണ കോളജ് 198 പോയൻറുമായും കാഞ്ഞങ്ങാട് നെഹ്റു കോളജ് 189 പോയൻറുമായും തൊട്ടുപിന്നിലുണ്ട്.

ഗവ. ബ്രണ്ണൻ കോളജ് -184, കാസർകോട് ഗവ. കോളജ് -159, തളിപ്പറമ്പ് സർ സയ്യിദ്- 146, ഡോൺബോസ്കോ- 134, ഗവ. ബ്രണ്ണൻ കോളജ് ടീച്ചർ എജുക്കേഷൻ -96 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയന്‍റ് നില.

സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. ഹസന്‍ അധ്യക്ഷത വഹിച്ചു.

ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ മുഖ്യാതിഥിയായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകന്‍, എം.സി. രാജു, ഡോ. രാഖി രാഘവന്‍, ഡോ. ടി.പി. അഷ്‌റഫ്, കെ.വി. പ്രമോദ് കുമാര്‍, ഡോ. പി.പി. ജയകുമാര്‍, സെനറ്റ് അംഗങ്ങളായ ഡോ. കെ. വിജയന്‍, എം.പി.എ. റഹീം, രജിസ്ട്രാര്‍ ഡോ. ജോബി കെ. ജോസ്, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. നഫീസ ബേബി, കാസർകോട് ഗവ. കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.കെ. ഹരിക്കുറുപ്പ്, ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരി, ആല്‍ബിന്‍ മാത്യു, പി. ജിഷ്ണു, കെ. അപര്‍ണ, ബി.കെ. ഷൈജിന എന്നിവര്‍ സംസാരിച്ചു.

കെ.വി. ശില്‍പ സ്വാഗതവും കെ. അഭിരാം നന്ദിയും പറഞ്ഞു.

ഇശൽമഴയോടെ  പെയ്തിറങ്ങി

കാസർകോട്: കത്തുന്ന മീനച്ചൂടിൽ അഞ്ചുദിനരാത്രങ്ങളെ കലയുടെ പൊൻകുളിരണിയിച്ച മേളക്ക് കൊടിയിറക്കം. ഇശലുകൾ പെയ്തിറങ്ങിയ അഞ്ചാംനാൾ വേദികളെ ഹൃദ്യമാക്കി. ഇശൽമഴയിൽ ഒപ്പനച്ചുവടുകളുമായി മൊഞ്ചത്തിമാർ കാഴ്ചയുടെ നിറസമൃദ്ധിയൊരുക്കി. സമാപനദിവസം വേദി ഒന്നിലാണ് ഒപ്പന മത്സരം അരങ്ങേറിയത്. ഇതേസമയം മൂന്നും നാലും വേദികളിൽ നാടൻപാട്ടും മാപ്പിളപ്പാട്ടും. മേളയുടെ അഞ്ചു ദിനങ്ങളും ഉറങ്ങാത്ത രാത്രികളായിരുന്നു കാസർകോടിന്. മിക്ക മത്സരങ്ങളും പുലരുവോളം നീണ്ടു.

കണ്ണൂർ സർവകലാശാല കലോത്സവം ഒ​പ്പ​ന മത്സരത്തിൽ നിന്ന്

നാടകമത്സരങ്ങൾ ഞായറാഴ്ച പുലർച്ച വരെ നീണ്ടു. ഞായർ അവധിക്കു പുറമെ, ബസ് പണിമുടക്ക് പിൻവലിക്കുകയും ചെയ്തതോടെ സമാപനദിവസം മേള നഗരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കാസർകോട് ഗവ. കോളജിൽ ആദ്യമായെത്തിയ കണ്ണൂർ സർവകലാശാല കലോത്സവം നാട് ഏറ്റെടുത്തതിന്‍റെ സംതൃപ്തിയിലാണ് സംഘാടകർ. കോവിഡ് കാലം തീർത്ത അടച്ചുപൂട്ടലുകൾക്കുശേഷമെത്തിയ ആദ്യമേളയെ നാട് നെഞ്ചേറ്റി. അതിന്‍റെ തെളിവായിരുന്നു സ്റ്റേജിതര മത്സരങ്ങൾ തുടങ്ങിയ ബുധനാഴ്ച മുതൽ കാഴ്ചക്കാരുടെ ഒഴുക്ക്. സമാപനദിവസം രാത്രി ഏറെവൈകിയും മത്സരങ്ങൾ തുടർന്നു.

Tags:    
News Summary - payyannur college became champions in kannur university kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.