കാസർകോട്: അക്രമവും അഴിമതിയും വർഗീയതയും മുഖമുദ്രയാക്കിയ കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കേരള ജനത വിധിയെഴുതുമെന്നും ഇരുപതിൽ ഇരുപത് സീറ്റിലും നിലവിലുള്ള ഭൂരിപക്ഷം ഇരട്ടിയാക്കി യു.ഡി.എഫ് വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് സംഘടനകൾ പിണറായി സർക്കാറിനെതിരെ നടത്തുന്ന ചെറുതത്തുനിൽപ്പു സമരം കേരള ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
ഇത്തരം സമരങ്ങളെ അധികാരം ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കി നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവീര്യം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ട് പോയാൽ ജനാധിപത്യ വിശ്വാസികൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഫെബ്രുവരി ഒമ്പതിന് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര ‘സമരാഗ്നി’ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കാസർകോട് മുനിസിപ്പൽ വനിത ഹാളിൽ നടന്ന ജില്ല കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.