കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ തിങ്കളാഴ്ച മുതൽ എറണാകുളം സി.ബി.ഐ കോടതി വിചാരണ ചെയ്യും. സാക്ഷിവിസ്താരം പൂർത്തിയായ സാഹചര്യത്തിൽ താമസിയാതെ കോടതി വിധി പ്രസ്താവിക്കും. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ-കൃപേഷ് എന്നിവരെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്തുടർന്നെത്തിയ സി.പി.എം പ്രവർത്തകർ രാഷ്ട്രീയവിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.
2019 ഫെബ്രുവരി 17ന് രാത്രിയായിരുന്നു സംഭവം. 24 പ്രതികളാണുള്ളത്. ഇതിൽ 16 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എട്ടു പ്രതികൾ ജാമ്യത്തിലിറങ്ങി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി എ. പീതാംബരനടക്കം 11 പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ക്രൈംബ്രാഞ്ച് 14 പേരെയാണ് പ്രതിചേർത്തത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തു.
മറ്റു പ്രതികളായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അടക്കമുള്ള മൂന്നു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങുകയായിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം സി.ബി.ഐ 10 പേരെ കൂടി പ്രതിചേർക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ കാക്കനാട് ജയിലിലാണ്. സി.ബി.ഐ പ്രതിചേർത്ത 20ാം പ്രതി മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കം അഞ്ചുപേർ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.