കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിലായ സുരേന്ദ്രൻ എന്ന വിഷ്ണു സുര (47), എ. മധു എന്ന ശാസ്ത മധു (40), റെജി വർഗീസ് (43), എ. ഹരിപ്രസാദ് (31), സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു (38) എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. അറസ്റ്റിനുപിന്നിൽ ഗൂഢോദ്ദേശ്യമാണെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ, അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഇവർക്ക് ഉന്നത രാഷ്ട്രീയസ്വാധീനമുണ്ടെന്നും കേസ് സി.ബി.ഐക്ക് വിടാതിരിക്കാൻ സുപ്രീംകോടതിവരെ പോയത് ഇതിന് തെളിവാണെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ 2019 ഫെബ്രുവരി 17നാണ് കൊല്ലപ്പെട്ടത്.
15ാം പ്രതിയായ വിഷ്ണു സുരക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന ആരോപണത്തോടെയാണ് കുറ്റപത്രം നൽകിയത്. കേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ അടക്കം 24 പ്രതികൾക്കെതിരെ സി.ബി.ഐ ദിവസങ്ങൾക്കുമുമ്പ് കുറ്റപത്രം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.