കാസർകോട്: പെരുമ്പള കടവ് - തെക്കിൽ ബൈപ്പാസ് റോഡ് ചുവപ്പുനാടയിൽ കുരുങ്ങിയിട്ട് 17 വർഷത്തോളമാകുന്നു. ഇതോടെ 86 കോടി രൂപയുടെ പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. ഏതാനും ആളുകളുടെ എതിർപ്പാണ് പദ്ധതിക്ക് തടസമാകുന്നതെന്നാണ് പരാതി.
അതിനിടെ തെക്കിലിൽ നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിലേക്ക് സർവിസ് റോഡിന് വേണ്ടി ഒരുവിഭാഗം ഉപവാസ സമരം നടത്തുന്നുണ്ട്. ബൈപാസ് വന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ഇതിനുവേണ്ടി വാദിക്കുന്നവരുടെ നിലപാട്.
4.5 കിലോമീറ്റർ വരുന്ന ബൈപാസ് റോഡിന് 86 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ചിലരുടെ എതിർപ്പാണ് റോഡുനിർമാണം നീണ്ടുപോകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ തർക്കമുള്ള മേഖലയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നതെന്നും ഇപ്പോൾ റോഡില്ലാത്തതിന്റെ പേരിൽ ആളുകൾ വീടുകൾ ഒഴിവാക്കി പോകുന്നതിനെപറ്റി ആരും ചിന്തിക്കുന്നില്ലെന്നും ഇവർ ആക്ഷേപം ഉന്നയിക്കുന്നു.
ഈ പ്രദേശത്തെ പല സ്ഥലങ്ങളിലും ഇനിയും റോഡ് സൗകര്യം എത്തിയിട്ടില്ല. തുരുത്തി, ബന്താട്, വയലാംകുഴി, പെരുമ്പള, തൂക്കുപാലം ഭാഗത്തുള്ളവർക്ക് ഒരുപാട് ഉപകാരപ്പെടുന്നതാണ് ഈ ബൈപാസ് റോഡെന്നും വാട്സ് ആപ് കൂട്ടായ്മ പറയുന്നു. 17 വർഷത്തിലധികമായുള്ള തടസം നീക്കാനുള്ള ശ്രമവും നടക്കുന്നില്ല.
നഷ്ടപരിഹാര തുക ഉൾപ്പെടെയാണ് 86കോടി രൂപ ബൈപാസ് റോഡിന് നീക്കിവെച്ചിരുന്നത്. ഒരു കിലോമീറ്ററിന് 21കോടിയലധികം രൂപയാണുളളത്. ഈ റോഡ് യാഥാർഥ്യമായാൽ പെരുമ്പളയെ ചന്ദ്രഗിരിപാലം വരെ ബന്ധിപ്പിക്കുന്ന റോഡുകൂടി പൂർത്തീകരിക്കാൻ പറ്റുമെന്ന് മുൻ എം.എൽ.എ കെ. കുഞ്ഞിരാമനും, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയും നേരത്തെ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
റോഡ് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ചിലർ തടസം നിൽക്കുകയാണെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും ചില എതിർപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.