കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി രൂപവത്കരിക്കാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. ഇതിന് വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്താന്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ നിർദേശിച്ചു.
പദ്ധതി രൂപവത്കരണത്തിനായി എല്ലാ പഞ്ചായത്തുകളിലും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സര്‍വേ സംഘടിപ്പിക്കും. ആവശ്യങ്ങള്‍ മനസ്സിലാക്കി, അവരുടെ കുടുംബാംഗങ്ങളെക്കൂടി ചേർത്തുനിര്‍ത്തി അവർക്കുകൂടി ഒരു വരുമാനമാര്‍ഗം ലഭ്യമാക്കുന്നതരത്തില്‍ ആയിരിക്കും പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശം എല്ലാ പഞ്ചായത്തുകളിലേക്കും നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറി, അസി. എൻജിനീയര്‍, ഓവര്‍സിയര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തിയതായി കലക്ടര്‍ യോഗത്തില്‍ ഉറപ്പുവരുത്തി.
ഹാപ്പിനസ് പാര്‍ക്ക് സംയുക്ത പദ്ധതിയായി നടപ്പിലാക്കും. പദ്ധതിക്കായി ജില്ല പഞ്ചായത്ത് അഞ്ചു ലക്ഷം വീതം നല്‍കും. ജില്ലയില്‍ രണ്ടു സ്ഥലങ്ങളിലായി ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് റോഡരികില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ നട്ടുപിടിപ്പിക്കും. ദേശീയപാത വികസന അതോറിറ്റിയുമായി സഹകരിച്ച് ജില്ല ഭരണകൂടവുമായും ചേര്‍ന്ന് പച്ചത്തുരുത്തുകള്‍ രൂപപ്പെടുത്തും. ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിങ് ഫണ്ട്, മൂന്ന് അംഗൻവാടികള്‍ക്ക് കെട്ടിടം, അഗ്രി ഹബ്ബ്, എ.ബി.സി പദ്ധതി, ഭിന്നശേഷി സ്കോളര്‍ഷിപ് പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കും.
46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് യോഗം അംഗീകാരം നല്കി. 37 ഗ്രാമപഞ്ചായത്തുകളുടെയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭയുടെയും ജില്ല പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിക്കുമാണ് അംഗീകാരം നല്‍കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.