കാസർകോട്: മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും ജില്ലയിലെ 4998 വിദ്യാർഥികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി റോഡ് ഉപരോധിച്ചു.
റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. എസ്.എസ്.എൽ.സി വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ -എയിഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭ്യമാക്കുക, സ്ഥിരം ബാച്ചുകൾ അനുവദിക്കുക, ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും ഹയർ സെക്കൻഡറിയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയാണ് ഉപരോധിച്ചത്. ജില്ലയിൽ 20147 പേർ പ്ലസ് വൺ അപേക്ഷ നൽകിയതിൽ 14377 പേർക്കാണ് സീറ്റ് ലഭിച്ചത്. ജില്ലയിൽ 4998 കുട്ടികൾ പ്ലസ് വൺ സീറ്റ് ലഭിക്കാതെ പെരുവഴിയിലാണ്. ജില്ലയിൽ ഇനി 772 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ജില്ലയോടുള്ള അവഗണനയും വിവേചനവും സർക്കാർ അവസാനിപ്പിക്കുന്നതുവരെ പ്രക്ഷോഭങ്ങൾ തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സനൽകുമാർ, ജില്ല പ്രസിഡന്റ് സി.എ. യൂസുഫ്, ജില്ല ജനറൽ സെക്രട്ടറിമാരായ എൻ.എം. വാജിദ്, റാസിഖ് മഞ്ചേശ്വരം, സെക്രട്ടറിമാരായ ഷാഹ്ബാസ് കോളിയാട്ട്, അഡ്വ. ഫൈമ കീഴൂർ, ജില്ല നേതാക്കളായ ഷിബിൻ റഹ്മാൻ, സിറാജുദ്ദീൻ മുജാഹിദ്, തഹാനി അബ്ദുൽ സലാം, ഷബ്നം ബഷീർ, ബിഷാറ, ലുബൈന ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.