തസ്തിക നിർണയം വൈകുന്നു; നിയമനം കാത്ത് ഉദ്യോഗാർഥികൾ

കാസർകോട്: സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ കണ്ടെത്തുന്നതിനുള്ള തസ്തിക നിർണയം അനന്തമായി നീളുന്നു. ഒഴിവുണ്ടായിട്ടും നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികളാണുള്ളത്. തസ്തിക നിർണയ നടപടികൾ എന്ന് പൂർത്തിയാക്കുമെന്നതിനെ കുറിച്ച് ഒരു വിവരവും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് നൽകാനുമാവുന്നില്ല.

ജില്ലയിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി നൂറുകണക്കിന് അധ്യാപക ഒഴിവുകൾ നിലവിലുണ്ട്. ഒഴിവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകൾ കയറിയിറങ്ങുമ്പോൾ തസ്തിക നിർണയം നടക്കാത്തതിനാലാണ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടുകൾ ചെയ്യാത്തതെന്നാണ് മറുപടി.

കഴിഞ്ഞ രണ്ടുവർഷമായി സ്കൂളുകളിൽ തസ്തിക നിർണയം നടന്നിട്ടില്ല. കോവിഡ് കാരണമാണ് തസ്തിക നിർണയ നടപടികൾ നിലച്ചത്. കോവിഡിനുശേഷം സ്കൂളുകൾ സാധാരണ നിലയിലായെങ്കിലും നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. ഈ അധ്യയനവർഷത്തെ തസ്തിക നിർണയം നടത്തേണ്ട സമയ പരിധി ഒക്ടോബർ ഒന്നിന് അവസാനിച്ചു. നവംബർ മൂന്നാംവാരത്തിലെത്തിയിട്ടും നടപടികൾ ഇഴയുകയാണ്.

ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് ജില്ലയിലെ സ്കൂളുകളിലെ കുട്ടികളുടെ എണ്ണമെടുത്ത് തസ്തികകളുടെ എണ്ണം നിർണയിക്കുന്നതിനുള്ള ചുമതല.

കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് തസ്തിക നിർണയിച്ചെങ്കിലേ അധ്യാപക ഒഴിവുകൾ കൃത്യമായി കണക്കാൻ സാധിക്കുകയുള്ളൂ.തസ്തികമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി ഒഴിവുകൾ പൂഴ്ത്തിവെക്കുകയാണെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.

അതേസമയം, ജില്ലയിൽ ജൂൺ വരെയുള്ള ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചിട്ടുണ്ടെന്നും അതിനുശേഷമുള്ള ഒഴിവുകളാണ് കണക്കാക്കാനുള്ളതെന്നും അധികൃതർ പറഞ്ഞു. തസ്തിക നിർണയം സംസ്ഥാനത്ത് ഒരിടത്തും പൂർത്തിയായിട്ടില്ല. കുട്ടികളുടെ എണ്ണം കണക്കാക്കൽ ഉൾപ്പടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - post determination is delayed-Candidates waiting for appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.