കാസർകോട്: വർധിച്ച് വരുന്ന ജീവിതച്ചെലവിൽ നട്ടംതിരിയുകയാണ് ജനങ്ങൾ. സർവതിനും വിപണിയിൽ വില കൂടുമ്പോൾ എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ ഉഴലുന്ന അവസ്ഥയിലാണ് സാധാരണക്കാരായ ജനങ്ങൾ.
വിപണിയിൽ എന്ത് പുതിയത് വന്നാലും സംസ്ഥാനത്ത് ആദ്യം എത്തുന്നത് കാസർകോട്ടെ മാർക്കറ്റിലാണ്. വസ്ത്രവിപണിയിൽ കാര്യമായ മാറ്റമില്ലെങ്കിലും മറ്റുള്ള എല്ലാത്തരം സാധനങ്ങൾക്കും വില വർധിച്ചത് ദുരിതമായി എന്നാണ് ഇവിടത്തെ ജനങ്ങൾ പറയുന്നത്.
വിപണിയിൽ വില പിടിച്ചുനിർത്താൻ കാര്യമായ സംവിധാനങ്ങൾ ഒന്നുമില്ലതാനും. ഉപ്പുതൊട്ട് കർപ്പൂരം വരെ, വില കൂടാത്തതായി ഒന്നുമില്ല. നാൾക്കുനാൾ വിലകൂടുന്ന നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്ക് കടുത്ത പ്രഹരമേൽപിച്ചുകൊണ്ട് മുന്നേറുകയാണ്. പാചകവാതകം, ഇലക്ട്രിസിറ്റി ചാർജ്, മൊബൈൽ റീ ചാർജ്, മത്സ്യം, മാംസം എന്നിവക്കും ആനുപാതികമായി വില വർധിക്കുന്നുണ്ട്. അതേസമയം, കർഷകർ വിഭവങ്ങൾ വിപണിയിലെത്തിക്കാൻ കഷ്ടപ്പെടുന്നതും കാണാം.
കാസർകോട്ടെ പഴം വിപണിയിൽ അധികവും ഇപ്പോൾ വരുന്നത് വിദേശ ഇനങ്ങളിൽപെട്ട ഫലങ്ങളാണ്. അതുകൊണ്ടുതന്നെ ഈരംഗത്ത് നല്ല വിലക്കയറ്റമുണ്ടാകുന്നുണ്ട്.
മഴക്കാലമായതോടെ പച്ചക്കറിവിലയിൽ വലിയ വർധനവാണ്. തക്കാളി കിലോക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നാലു മടങ്ങോളമാണ് വില വർധിച്ചത്. സവാളക്കും പച്ചമുളകിനും രണ്ടു മടങ്ങും കൂടിയിട്ടുണ്ട്. കഴിഞ്ഞ കാലയളവിൽ 80 മുതൽ 90 വരെയുള്ള ഇഞ്ചിക്ക് 180 രൂപയാണ് മാർക്കറ്റിലുള്ളത്. അരിയും വെളിച്ചെണ്ണയും പഞ്ചസാരയും വിലയിൽ പിറകിലല്ല. വസ്ത്രവിപണിയിൽ കാര്യമായ മാറ്റമില്ലെങ്കിലും ട്രെൻഡിങ് വസ്ത്രങ്ങൾ വിപണിയിൽ വരുമ്പോൾ വില കൂടുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ജീവിതച്ചെലവ് കൂടുന്നതിനനുസരിച്ച് സാധാരണക്കാരുടെ വരുമാനം കൂടാത്തത് സാധാരണക്കാരുടെ ജീവിതസാഹചര്യം മോശക്കുന്നു. സർക്കാർ വിപണിയിൽ ഇടപെട്ട് വില പിടിച്ചുനിർത്താനാവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സവാള-37 (13-15)
തക്കാളി-78 (18-20)
ഉരുളക്കിഴങ്ങ്-40 (30-32)
പച്ചമുളക്-70 (35)
വെണ്ട-60 (35)
കാരറ്റ്-60 (35)
വെള്ളരി-40 (15)
ഇഞ്ചി-180 (80-90)
വെളുത്തുള്ളി-240 (90-100)
മൊഗ്രാൽ: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവുന്നില്ല. തൊഴിൽമേഖലയാണെങ്കിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ കൈയിലും. ഇതിനിടയിൽ അവശ്യസാധനങ്ങളുടെ വിലവർധനയും. ഇരുട്ടടിയായി കെ.എസ്.ഇ.ബി ബില്ലിനോടൊപ്പം ഡെപ്പോസിറ്റ് തുകയും.
സാധാരണക്കാർക്ക് ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. സാധാരണക്കാരുടെ കുടുംബ ബജറ്റുകൾ താളംതെറ്റി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടലുകളൊന്നും നടത്തുന്നുമില്ല. ദൈനംദിന ചെലവുകൾക്കുപോലും ജനങ്ങൾ കഷ്ടപ്പെടുകയാണ്.
കാലവർഷംകൂടി കനത്തതോടെ ജോലികളും തടസ്സപ്പെട്ടിരിക്കുകയാണ്. വിപണികളെ ഉണർത്തിയിരുന്ന മത്സ്യമേഖല കഴിഞ്ഞ ഒരുവർഷമായി മീൻലഭ്യതയില്ലാതെ അടഞ്ഞുകിടക്കുന്നു. ഒപ്പം, ട്രോളിങ് നിരോധനവും. തൊഴിലാളികൾ മുഴുപ്പട്ടിണിയിലാണ്. മത്തിയുടെ വില 400 കടക്കാൻ ഇത് കാരണമായി.
അന്തർസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം തൊഴിൽമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാട്ടുകാർക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. തക്കാളി സെഞ്ച്വറിയോടടുത്തെത്തി.
കോഴിയിറച്ചി കഴിഞ്ഞ രണ്ടു മാസമായി 165 രൂപയിലാണ്. ഇതിനിടയിലാണ് കെ.എസ്.ഇ.ബി ബില്ലിനോടൊപ്പം ഡെപ്പോസിറ്റ് തുക കൂടി അടക്കാനുള്ള നിർദേശം. ബില്ലുകണ്ട് ഉപഭോക്താക്കൾ ഷോക്കടിച്ചുനിൽക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ജനജീവിതം ദുസ്സഹമായി തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കണ്ണടച്ചിരിക്കുകയാണ് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.