കാഞ്ഞങ്ങാട്: യാത്രക്കാരി സ്വകാര്യ ബസിൽ കുഴഞ്ഞുവീണു. ബസ് നേരെ പറന്നത് ആശുപത്രിയിലേക്ക്. ഒരു ജീവൻ രക്ഷിച്ച ആശ്വാസത്തിൽ ഡ്രൈവറും കണ്ടക്ടറും. തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശിനിയും സ്വകാര്യ ആശുപത്രിയിൽ നഴ്സുമായ തപസ്യക്കാണ് ബസ് ജീവനക്കാർ തുണയായത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കാസർകോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ജാൻവി ബസിലാണ് പടന്നക്കാടെത്തിയപ്പോൾ തപസ്യ കുഴഞ്ഞു വീണത്. പിന്നീട് സംഭവിച്ചതെല്ലാം ശരവേഗത്തിലായിരുന്നു. ആറു മിനിറ്റുകൊണ്ട് ബസ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
വൈകിട്ട് ആറരയോടെയായിരുന്നു ബസ് കാസർകോട് നിന്നും പുറപ്പെട്ടത്. അപ്പോൾതന്നെ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കണ്ടക്ടർ ജയ്സൺ യുവതിക്ക് വഴിയിൽ വെച്ച് വെള്ളം വാങ്ങി നൽകി. എന്നാൽ ബസ് പടന്നക്കാട് എത്തിയപ്പോൾ യുവതി കുഴഞ്ഞു വീണ്ടു.
രാത്രിയായതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. യുവതി വീണ വിവരം ഡ്രൈവർ ഫവാസിനെ മറ്റ് യാത്രക്കാർ അറിയിച്ചതോടെ ബസ് ഒരിടത്തും നിർത്താതെ മിനിറ്റുകൾകൊണ്ട് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതിനുമുമ്പേ കണ്ടക്ടർ ജെയ്സൺ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്തു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച തപസ്യക്ക് പ്രഥമ ശുശ്രൂഷ നൽകിയതോടെ ബോധം തെളിഞ്ഞു. ഡോക്ടറുടെ മറുപടി അറിയുംവരെ യാത്രക്കാരും ജീവനക്കാരും ആശുപത്രിയിൽ കാത്തുനിന്നു. പിന്നീട് കണ്ണൂരിലേക്ക് ബസ് യാത്ര തുടരുകയായിരുന്നു.
ബോധക്ഷയമുണ്ടായ യാത്രക്കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജാൻവി ബസിെന്റ ഡ്രൈവറും കണ്ടക്ടറും. യുവതി ആരോഗ്യ സ്ഥിതി വീണ്ടെടുത്തതായി ആശുപത്രി അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.