കാസർകോട്: ദേശീയപാത പൊതുനിരത്തുകളിൽ ഒരു നിയന്ത്രണവുമില്ലാതെ ഫ്ലക്സ് ബോർഡുകൾ നിറയുന്നു. വാഹന ഗതാഗതത്തിനും കാൽനടക്കാർക്കും ദുരിതമാകും വിധത്തിലാണ് ബോർഡുകളുടെ കുതിപ്പ്. പൊതുനിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് കോടതി തടഞ്ഞിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തുടർന്ന് ജില്ല ഭരണകൂടം നിരത്തുകളിലെ ബാനറുകളും ഫ്ലക്സുകളും നീക്കം ചെയ്തു. അധികൃതർ നിയന്ത്രണം മയപ്പെടുത്തിയപ്പോൾ ജില്ലയിലെ പൊതുനിരത്തുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുന്ന കാഴ്ചയാണ്. ദേശീയപാതക്കരികിലുള്ള വൈദ്യുതി തൂണുകളിൽ ഫ്ലക്സ് ബോർഡുകളും പരസ്യങ്ങളും സ്ഥാപിക്കാൻ ഫീസ് ഈടാക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തീരുമാനം കടലാസിലൊതുങ്ങി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ സർവിസ് റോഡുകൾ മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. സർവിസ് റോഡിലെ വൈദ്യുതി പോസ്റ്റുകളിൽ ഭൂരിഭാഗവും ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ച നിലയിലാണ്.
ഇതുവഴി യാത്രക്കാർ നടന്നുപോകാൻ പ്രയാസപ്പെടുന്നു. ദൂരെ ദിക്കുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഫ്ലക്സ് കാരണം കാണാൻ പറ്റാത്ത അവസ്ഥയും ഉണ്ട്. ഇത് വാഹനാപകടങ്ങൾക്കുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ ജില്ല ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.