കാസര്‍കോട്: എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസ്സുകാരിയുടെ മൃതദേഹവുമായി മാതാപിതാക്കൾ സമരപ്പന്തലിലെത്തി. കാസർകോട് എയിംസ് ജനകീയ കൂട്ടായ്മയുടെ സമരപ്പന്തലിലേക്കാണ് ബുധനാഴ്ച രാവിലെ 11.15ഓടെ മൃതദേഹവുമായി എത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുമ്പഡാജെ മൗവാര്‍ എരിഞ്ചയിലെ മുക്കൂര്‍ ആദിവാസി കോളനിയിലെ മോഹനന്റെയും ഉഷയുടെയും മകള്‍ ഹര്‍ഷിതയാണ് ചൊവ്വാഴ്ച മരിച്ചത്. പുലര്‍ച്ച അഞ്ചിനു മരിച്ചിട്ടും മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ ആംബുലന്‍സിനായി 14 മണിക്കൂറാണ് ഇവർ കാത്തുനിന്നത്. ചികിത്സാരംഗത്തെ പോരായ്മകളാണ് ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിലുള്ള പ്രതിഷേധ സൂചകമായാണ് ജില്ലയുടെ ചികിത്സാസംവിധാനം ചർച്ച ചെയ്യുന്ന എയിംസ് സമരപ്പന്തലിലേക്ക് മൃതദേഹം എത്തിച്ചത്.
അരമണിക്കൂറോളം മൃതദേഹം സമരപ്പന്തലില്‍ പൊതുദർശനത്തിനുവെച്ചു. പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി അന്ത്യോപചാരമർപ്പിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർ എല്ലാവരും മരിച്ചിട്ടാണോ ചികിത്സ ഒരുക്കുകയെന്ന് അവർ ചോദിച്ചു.ഒരുമാസത്തിനിടെ മൂന്നാമത്തെ കുഞ്ഞാണ് ഇവിടെ മരിച്ചതെന്നും അവർ പറഞ്ഞു.
കുഞ്ഞിനു വിദഗ്ധ ചികിത്സ നല്‍കുന്നതിലടക്കം വലിയ വീഴ്ച സംഭവിച്ചുവെന്ന് എയിംസ് ജനകീയ കൂട്ടായ്മ ഭാരവാഹികളും ആരോപിച്ചു. മൂന്നുവര്‍ഷമായി എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ ഒരു ക്യാമ്പ് പോലും നടത്തിയിട്ടില്ല. ഇതുകാരണം ഹര്‍ഷിതക്ക് എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ചക്ക് ഒന്നോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.