കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ ‘പുനര്‍ഗേഹം’ പദ്ധതിയില്‍ ജില്ലയിലെ 144 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുകൂടി ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നു. വേലിയേറ്റ പരിധിയായ 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പുനര്‍ഗേഹം പദ്ധതിയിലൂടെയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
കോഴിപ്പാടി വില്ലേജില്‍ നാരായമംഗലത്താണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാറും ഫിഷറിസ് ഡിപ്പാർട്മെൻറും ചേര്‍ന്ന് 22 കോടി അഞ്ചുലക്ഷം രൂപ ചെലവില്‍ ഫ്ലാറ്റ് സമുച്ചയം പണിയുന്നത്. 480 ചതുരശ്ര അടി വിസ്തൃതിയില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍, ബാത്ത് റൂം സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്ലാറ്റിന്റെ തൊട്ടടുത്തായി ആശുപത്രി സൗകര്യവും അംഗന്‍വാടി സൗകര്യവും ഒരുക്കുന്നുണ്ട്.
കൂടാതെ മനോഹരമായ പൂന്തോട്ടം, കളിസ്ഥലം, വായനശാല, മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
അടിക്കടിയുണ്ടാകുന്ന കടല്‍ ക്ഷോഭത്തില്‍പെട്ട് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കാനും അവരെ മാറ്റിപ്പാര്‍പ്പിക്കാനും വേണ്ടി കേരള സര്‍ക്കാര്‍ രൂപവത്കരിച്ച പദ്ധതിയാണ് പുനര്‍ഗേഹം. ജില്ലയില്‍ ഫിഷറീസ് ഡിപാർട്മെൻറിന് കീഴില്‍ 1169 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് വേലിയേറ്റ രേഖയില്‍ ഉള്‍പ്പെടുന്നത്.
അതില്‍ 536 കുടുംബങ്ങളാണ് മാറ്റി താമസിപ്പിക്കാന്‍ തയാറായിട്ടുള്ളത്. കുടുംബങ്ങളുടെ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള വീടുകളില്‍ താമസം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.