കാസർകോട്: കുറഞ്ഞ ചെലവിൽ വേഗത്തിലെത്താൻ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റെയിൽവേയാണ്. സിൽവർ ലൈനും മറ്റും ചർച്ചയാകുന്നതും ഇതുകൊണ്ടുതന്നെ. ജനങ്ങൾക്ക് വളരെ എളുപ്പമെത്താനുള്ള ഒരു ഉപാധിയാണ് ട്രെയിൻയാത്ര. എന്നാൽ, പലപ്പോഴും ട്രെയിൻ വൈകുന്നത് നമ്മുടെ യാത്രയുടെ ഉദ്ദേശ്യത്തെതന്നെ മാറ്റും.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ട്രെയിൻ വൈകൽ പതിവ് രീതിയായി മാറുകയാണ്. മിക്കപ്പോഴും ജനം കൂടുതൽ ആശ്രയിക്കാറുള്ള ഏറനാട് എക്സ്പ്രസ് ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ, ജനശതാബ്ദി, ആലപ്പി എക്സിക്യൂട്ടിവ് എന്നിവ സമയംതെറ്റി യാത്രചെയ്യുന്നത് പതിവാണ്.
വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ദീർഘദൂര വണ്ടികളടക്കം പിടിച്ചിട്ടാണ് വന്ദേഭാരതിന്റെ റൂട്ട് റെയിൽവേ ക്ലിയർ ചെയ്തുകൊടുക്കുന്നത്.
എന്നാൽ, ഇതിന്റെ ദുരിതം പേറുന്നത് സാധാരണക്കാരായ യാത്രക്കാരും. പലപ്പോഴും ഇങ്ങനെയുള്ള ട്രെയിനുകളിൽ കുത്തിനിറഞ്ഞാണ് ജനങ്ങൾ യാത്രചെയ്യുന്നത്. പ്രത്യേകിച്ച് ചൂടിൽ വെന്തുരുകുമ്പോൾ യാത്രയിൽ ട്രെയിൻ പിടിച്ചിടുന്നതിൽ പിഞ്ചുകുട്ടികളും വയോധികരും വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്.
റെയിൽവേയുടെ കാര്യത്തിൽ പല പദ്ധതികളും കേന്ദ്രസർക്കാർ കൊണ്ടുവന്നെന്ന് വാചാലമാകുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് യാത്ര ചെയ്യാനാവുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ദിവസം ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് തലശ്ശേരിയിൽ എത്തിയത് അർധരാത്രി 12 മണിക്കാണ്. 10.35ഓടുകൂടി എത്തേണ്ട വണ്ടിയാണ് ഇങ്ങനെ വൈകിയോടുന്നത്.
റെയിൽവേ അധികൃതരോട് ഇതേപ്പറ്റി ചോദിച്ചാൽ സാങ്കേതിക കാരണം പറഞ്ഞ് ഒഴിയുകയാണ് പതിവ്. അതേസമയം, ഈ വൈകൽ ട്രാക്ക് നവീകരണം, പാലങ്ങളുടെ ഗർഡർ മാറ്റൽ, ട്രാക്ക് വേഗം കൂട്ടൽ അടക്കം ഒട്ടുമിക്ക ജോലികൾ ഉള്ളതുകൊണ്ടാണെന്ന് തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. കൂടാതെ, മൺസൂൺയാത്ര സുഗമമാക്കാനാണ് സമ്മർ സീസണിലെ ട്രാക്കിലുള്ള പണിയെന്നും അധികൃതർ പറയുന്നുണ്ട്. ഇങ്ങനെ നടക്കുന്ന പാളത്തിലെ ജോലിക്ക് ‘ഫിക്സഡ് കോറിഡോർ ബ്ലോക്ക്’ എന്നാണ് പറയുക.
ഇത് ഒരുമാസം മുമ്പ് റെയിൽവേയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിലും വാർത്ത മാധ്യമങ്ങളിലും അറിയിക്കുമെന്നും ഇത്തരം വർക്കുകൾ അധികവും രാത്രിയിലാണ് നടക്കുകയെന്നും റെയിൽ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
റെയിൽവേയുടെ സമൂഹമാധ്യമ സൈറ്റുകളായ tvc138 (എക്സ്), tvsr (ഫേസ്ബുക്ക്) എന്നിവയിലും റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് കൃത്യമായി മൊബൈൽ ഫോണിൽ സന്ദേശമായി മുൻകൂട്ടി അറിയിപ്പ് കൊടുക്കാറുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.