കാസർകോട്: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ദേശീയപാത ഉൾപ്പെടെ ജില്ലയിലെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മലയിടിച്ചില്‍ ഉണ്ടായ മരുതോം ചുള്ളിയില്‍ തകര്‍ന്ന റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലാകെ കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
പ്രകൃതി ദുരന്തഭീഷണി നേരിടുന്ന കല്ലപ്പള്ളി കമ്മാടി കോളനിയിലെ കുടുംബങ്ങള്‍ക്ക് ഭൂമി നൽകി വീടുവെക്കാന്‍ സൗകര്യമൊരുക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ അഞ്ചു പേര്‍ കാലവര്‍ഷത്തില്‍ മരിച്ചതായി എ.ഡി.എം അറിയിച്ചു. ജില്ലയിലെ ഭൂമിയില്ലാത്ത ഭവനരഹിതരായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കണമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പുതുതായി 1400 അപേക്ഷകള്‍ കിട്ടിയതായി പരപ്പ പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു.
ആഗസ്റ്റ് 16ന് രാവിലെ 11ന് ഭൂരഹിത പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റില്‍ യോഗം ചേരുമെന്ന് കലക്ടര്‍ പറഞ്ഞു. ലൈഫ്മിഷന്‍ ബെണ്ടിച്ചാലില്‍ നിര്‍മിക്കുന്ന ഫ്ലാറ്റിന്റെ നിര്‍മാണ പുരോഗതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. താൽക്കാലിക ബസ് ഷെൽട്ടർ ഒരുക്കും. ദേശീയ പാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചു മാറ്റിയതിനാല്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ താൽക്കാലിക ഷെല്‍ട്ടര്‍ ഒരുക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നീലേശ്വരം പാലത്തിന്റെ നിര്‍മാണം നാവിഗേഷന്‍സ് ക്ലിയറന്‍സ് പാലിച്ചിട്ടില്ലാത്തതിനാല്‍ റീ ഡിസൈന്‍ ചെയ്യുകയും കാലപ്പഴക്കം വന്ന നിലവിലുള്ള നീലേശ്വരം പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടി ആവശ്യമാണെന്നും എം. രാജഗോപാലന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പാലം പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വേയുടെ അനുമതി തേടണം. എടത്തോട് നീലേശ്വരം റോഡ് സ്ഥലമെടുപ്പ് രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
കാസര്‍കോട് അനുവദിച്ച വിദ്യാഭ്യാസ സമുച്ചയം നിര്‍മാണം ആരംഭിക്കാന്‍ കാലതാമസം പാടില്ലെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ് നല്‍കുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
15 കോടി രൂപയാണ് വിദ്യാഭ്യാസ ഭവന് വകയിരുത്തിയിട്ടുള്ളത്. കറന്തക്കാട് മുതല്‍ തളങ്കര റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള റോഡ് പ്രവൃത്തി നടപ്പാക്കുന്നതിന് തിരഞ്ഞെടുത്ത സ്ഥലത്ത് റെയില്‍വേ ഭൂമി ഒഴിവാക്കി പ്രവൃത്തി നടപ്പാക്കുന്നതിന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍, കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എന്നിവരുള്‍പ്പെടുന്ന യോഗം ജില്ല കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചു. കന്നഡ അറിയാത്ത അധ്യാപകരെ നിയമിക്കരുത്
മഞ്ചേശ്വരം താലൂക്ക് ഓഫിസിലുള്‍പ്പെടെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ പറഞ്ഞു. ഭാഷ ന്യൂനപക്ഷ പ്രദേശത്തെ വിദ്യാലയങ്ങളില്‍ കന്നഡ അറിയാത്ത അധ്യാപകരെ നിയമിക്കുന്നുവെന്ന വ്യാപക പരാതിയുമായി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. ഇത് പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി കാണണമെന്ന് എം.എല്‍.എ പറഞ്ഞു. പൈവളിഗെ, മീഞ്ച ഗ്രാമ പഞ്ചായത്തുകളിലെ കൊമ്മങ്കളയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച സോളാര്‍ പാര്‍ക്കിന് സ്ഥലം വിട്ടു നല്‍കിയ സ്വകാര്യ വ്യക്തികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതി പരിഗണിച്ച് പ്രത്യേക യോഗം വിളിക്കാന്‍ എം.എല്‍.എയുടെ നിർദേശപ്രകാരം തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വല്‍, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, എ.ഡി.എം എ.കെ. രമേന്ദ്രന്‍, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍, വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.