കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസിലെ സംഘടന തെരഞ്ഞെടുപ്പിനെ വിമർശിച്ച് മുൻ പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട്ട് ജില്ല യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കവെയാണ് വിമർശനം. യൂത്ത് കോൺഗ്രസ് കൂടുതൽ പ്രവർത്തനക്ഷമമായാൽ മാത്രമേ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സാധ്യമാകൂ. മെംബർഷിപ്പ് രീതിയിലുള്ള തെരഞ്ഞെടുപ്പുകളും എല്ലാം മാറ്റേണ്ടതുണ്ട്. ഇങ്ങനെയൊന്നുമല്ല തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒരേ പാർട്ടിയുടെ പ്രവർത്തകർ വൈരാഗ്യത്തോടെ മത്സരിക്കും. ജീവിതകാലം മുഴുവൻ ശത്രുക്കളായി മാറുന്ന അവസ്ഥയും വരും. സി.പി.എമ്മുകാരുമായി പോരടിക്കുന്നതുപോലെയാണ് തമ്മിൽ ഏറ്റുമുട്ടുന്നത്.
കോൺഗ്രസിനകത്തെ വാശിയും വൈരാഗ്യം വരുന്ന തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കിടയിൽ ഉണ്ടായാൽ അതുകൊണ്ട് പാർട്ടിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇക്കാര്യം രാഹുൽഗാന്ധി പങ്കെടുത്ത യോഗത്തിൽ താൻ വ്യക്തമാക്കിയിരുന്നു. ആശയപരമായി ചെറുപ്പക്കാരെ ഒന്നിപ്പിച്ചു നിർത്തിക്കൊണ്ടുള്ള വലിയ പോരാട്ടത്തിന് നേതൃത്വം നൽകണം. അർഹതപ്പെട്ട എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് ഒരു നിലപാട് എടുക്കണം. സി.പി.എമ്മിന് എന്തെല്ലാം അപചയങ്ങൾ ഉണ്ടെങ്കിലും സംഘടനാപരമായ കാഡർ പാർട്ടി എന്ന നിലയിൽ എന്തുതെറ്റ് ചെയ്താലും ആ സംഘടനയുടെ ശക്തികൊണ്ട് അതിനെ മൂടി വെക്കാൻ കഴിയും. കൃത്യമായ സമ്മേളനം നടത്തിയാൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. യൂത്ത് കോൺഗ്രസിന് 60 രൂപ മെംബർഷിപ് തുക തീരുമാനിക്കുന്നവരുടെ തലയിൽ ആൾതാമസം ഇല്ലേ എന്നും ചെന്നിത്തല കളിയാക്കി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.