'ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെെയങ്കിലും രക്ഷിക്കണം'
-ഡോ. അംബികാസുതൻ മാങ്ങാട് -എഴുത്തുകാരൻ, ആക്ടിവിസ്റ്റ്
കാസർകോട് സംഭവിച്ചത് ഭരണകൂടഭീകരതയാണ്. കാൽനൂറ്റാണ്ടുകാലം എൻഡോസൾഫാൻ എന്ന രാസവിഷം കൊണ്ട് നടത്തിയ വ്യോമാക്രമണമാണ് കാസർകോട് നടന്നത്. അത് വേണ്ടവിധം ഭരണകൂടങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മാറിമാറിവന്ന ഭരണകൂടങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തകർന്നുപോയ ജീവിതങ്ങളെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തം ഈ ഭരണകൂടങ്ങൾക്കുണ്ട്. എന്നാൽ, ഭരണകൂടങ്ങൾക്കും പാർട്ടികൾക്കും ആത്മാർഥമായ താൽപര്യം ഇന്നുവരെ ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല. എല്ലാ കുഞ്ഞുങ്ങളും ചത്തുപോയ്ക്കോട്ടെ എന്നാണോ അവർ പറയുന്നത്? എങ്കിൽ ജനിക്കാനിരിക്കുന്നതിനെയെങ്കിലും രക്ഷിക്കണ്ടേയെന്ന ചോദ്യം ബാക്കിയുണ്ട്. ഭരണകൂടങ്ങൾ ചില കാലങ്ങളിൽ ചില താൽപര്യങ്ങൾ കാണിച്ചിട്ടുണ്ട്. ചിലപ്പോൾ കാണിച്ചിട്ടില്ല. ഒരു േക്ഷമ പെൻഷനും മുടങ്ങിയിട്ടില്ല, എൻഡോസൾഫാൻ ഇരകൾക്ക് നൽകിയ പെൻഷൻ മാത്രമാണ് മുടങ്ങിയത്. 2013ൽ തറക്കല്ലിട്ട മെഡിക്കൽ കോളജ് ഇപ്പോഴും പൂർത്തിയായില്ല. എയിംസ് നൽകില്ല എന്നാണ് ഭരണകൂടം പറയുന്നത്. മളിയാർ പുനരധിവാസ ഗ്രാമം എവിടെ. തറക്കല്ലിൽ ഒതുങ്ങിയിരിക്കുകയാണത്. എൻഡോസൾഫാൻ പച്ചവെള്ളം എന്ന് പറഞ്ഞ കലക്ടർ ഇവിടെ മൂന്നുവർഷം ഇരുന്നു. കാസർകോട് ജനതയോട് കാണിക്കുന്ന ക്രൂരമായ അവഗണനയാണ്. ഞങ്ങൾക്ക് എഴുതിയെഴുതി മടുത്തു. എത്ര ലേഖനങ്ങളാണ് എഴുതിയത്. സ്വന്തം വീട്ടിലുണ്ടായാൽ മാത്രം പ്രശ്നത്തെ തിരിച്ചറിയുന്ന ജനം മനുഷ്യപ്പറ്റുള്ള ജനമല്ല. എൻഡോസൾഫാൻ സെൽ യോഗംചേരാതെ രണ്ടു വർഷത്തോളമായി. മെഡിക്കൽ ക്യാമ്പ് നടത്താതെ ഏറെയായി. ബഡ്സ് സ്കൂൾ എല്ലാം യാഥാർഥ്യമായില്ല. പെർള സ്കൂൾ ഇപ്പോഴും ആസ്ബസ്റ്റോസ് ഷീറ്റിൽതന്നെയാണ്. എയിംസും മെഡിക്കൽ കോളജും വരാൻ വലിയ പ്രക്ഷോഭം നടത്തേണ്ടിയിരിക്കുന്നു.
പാക്കേജുകൊണ്ട് ദുരിതബാധിതർക്ക് എന്തു മെച്ചമുണ്ടായി?
അമ്പലത്തറ കുഞ്ഞികൃഷ്ണൻ -ആക്ടിവിസ്റ്റ്
2013ലെ സർക്കാർ ഉത്തരവനുസരിച്ച് എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിലുൾപ്പെട്ട സാമ്പത്തികനില പരിശോധിക്കാതെതന്നെ മുഴുവൻ പേർക്കും ബി.പി.എൽ ആനുകൂല്യം ലഭിച്ചു. സൗജന്യ റേഷനും കിട്ടിക്കൊണ്ടിരുന്നു. എന്നാൽ, പിന്നീടത് നഷ്ടപ്പെട്ടു. 2016ലെ സെക്രട്ടറിയേറ്റിന് മുന്നിലെ അമ്മമാരുടെ സമരത്തിെൻറ ഭാഗമായി കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചു. മൂന്നു ലക്ഷം വരെയുള്ളവരുടെ കടങ്ങൾ തള്ളി. ഇതനുസരിച്ച് 1720 വ്യക്തികളുടെ 2153 ലോണുകൾ എഴുതിത്തള്ളിയിട്ടുണ്ട്. ഇനിയും എഴുതിത്തള്ളാൻ ബാക്കിയുണ്ട്. 2010ൽ പട്ടികയിൽ പെട്ടവരുടെ കടങ്ങൾക്ക് മാത്രമാണ് ഇത് ബാധകമായത്. പിന്നീട് പട്ടികയിലെത്തിയ 2540 പേർക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ല. പലർക്കും ജപ്തിഭീഷണി നേരിടേണ്ടിവരുന്നു. ഏത് ആശുപത്രിയിലെത്തിക്കണമെങ്കിലും ആംബുലൻസ് സൗകര്യം ലഭിച്ചുവന്നിരുന്നു. കൊറോണക്കാലത്ത് ഇതനുവദിക്കാതെ പോയതുകാരണം പലരും അനുഭവിച്ച ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമായിരുന്നില്ല. ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ജീവൻ നഷ്ടപ്പെടേണ്ടിവന്ന സന്ദർഭങ്ങളും ഉണ്ടായി. കിടപ്പുരോഗികൾക്ക് എന്തിന് ഗുരുതരരോഗികളെ ആശുപത്രികളിലെത്തിക്കുന്നതിനുപോലും സഹായം ലഭിക്കുന്നില്ല.
എൻഡോസൾഫാൻ പുനരധിവാസ പ്രക്രിയയിലെ തുടക്കമാണ് ബഡ്സ് സ്കൂളുകൾ എന്നുപറയാം. അമ്മമാർക്ക് പകൽനേരമെങ്കിലും സ്വാതന്ത്ര്യം കിട്ടുന്ന ഒരു സംവിധാനം. കുട്ടികളെ (കിടപ്പിലായവരെയല്ല) ഏൽപിക്കാനുള്ള ഒരിടമാണ് കൊറോണയുടെ വരവോടെ നഷ്ടമായത്. പഠനത്തെക്കാളേറെ സന്തോഷത്തിെൻറ മധുരം പകരുന്ന ഒരു സംവിധാനമാണ് ബഡ്സ് സ്കൂളുകൾ. വീടുകളിലെ ഒറ്റപ്പെടലിെൻറ സാഹചര്യത്തിൽനിന്നും വ്യത്യസ്തത ഇവിടെ അവരനുഭവിക്കുന്നു. ഇത്തരമൊരു സംവിധാനത്തെ ഗൗരവത്തോടെ അധികൃതർ കാണുന്നില്ല. ഇപ്പോഴും കെട്ടിടമില്ലാതെ ആസ്ബസ്റ്റോസ് ഷീറ്റ് പാകിയാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലും ബഡ്സ് സ്കൂൾ അനിവാര്യമാണ്. മുൻ എം.പി പി. കരുണാകരെൻറ പ്രത്യേക താൽപര്യത്തിൽ ഇരുനൂറിലധികം കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. സ്കൂൾ കെട്ടിടങ്ങൾ, കുടിവെള്ളപദ്ധതികൾ തുടങ്ങി പല മേഖലകളിലും എൻഡോസൾഫാൻ പാക്കേജിെൻറ പേരുകൾ വന്നു. കാസർകോടിന് അതൊരനുഗ്രഹമായി. എന്നാൽ, ദുരിതബാധിതർക്ക് എന്ത് മെച്ചമാണ് ഉണ്ടായതെന്ന് വിലയിരുത്തണം.
കോടികൾ മുടക്കി ജില്ല ആശുപത്രിയിൽ വർഷങ്ങൾക്കുമുമ്പ് നിർമിച്ച കെട്ടിടം അനാഥമായിക്കിടക്കുന്നു. പാലിയേറ്റിവ് കെയർ യൂനിറ്റിന് വേണ്ടി കരിന്തളത്ത് നിർമിച്ച കെട്ടിടത്തിൽ കോളജ് പ്രവർത്തിക്കുന്നു. ഒരു നല്ല ആരോഗ്യസംവിധാനം ഉണ്ടാക്കിയിരുന്നുവെങ്കിൽ അത് ദുരിതബാധിതർക്കും മറ്റും ഉപകാരമാവുമായിരുന്നു. 2012ൽ പുനരധിവാസ പദ്ധതികളെ സൂക്ഷ്മരൂപത്തിൽ ക്രമപ്പെടുത്താൻ ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ ശിൽപശാല അതിൽ ഒതുങ്ങി. 2014 അവസാനം സമരസമിതി ഒരു മാതൃകാഗ്രാമത്തിനുള്ള കരട് രൂപം തയാറാക്കി അന്നത്തെ സാമൂഹികനീതി മന്ത്രി എം.കെ. മുനീറിന് എം.എൽ.എ ഇ. ചന്ദ്രശേഖരൻ മുഖാന്തരം നൽകുകയുണ്ടായി. ദുരിതബാധിതരുൾക്കൊള്ളുന്ന നൂറ് കുടുംബങ്ങളെ ഏറ്റെടുത്ത് ഒരു മാതൃകാഗ്രാമം ഉണ്ടാക്കണമെന്നായിരുന്നു ആവശ്യം. പഠനം, ചികിത്സ, കൃഷി, തൊഴിൽ ആവശ്യമായതെല്ലാം മാതൃകാഗ്രാമം വിഭാവനം ചെയ്തു. 125 ഏക്കർ ഭൂമി അന്നത്തെ പി.സി.കെ ചെയർമാൻ നൽകാമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി നല്ല താൽപര്യത്തോടെ അതിനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ചില ഉദ്യോഗസ്ഥരാൽ അത് അട്ടിമറിക്കപ്പെട്ടു. നൂറ് കുടുംബം എന്നത് നൂറ് ഇരകൾ എന്ന് മാത്രമായി ചുരുക്കി. മുതലപ്പാറയിൽ 25 എക്കറിൽ അതിനുവേണ്ടി തറക്കല്ലിട്ടു. അതിപ്പോഴും അങ്ങനെതന്നെയുണ്ട്.
എനിക്കുശേഷം എെന്റ കുഞ്ഞിന് ആര് എന്ന ചോദ്യത്തിന് മറുപടി വേണം
മുനീസ അമ്പലത്തറ - പ്രസിഡൻറ്, എൻഡോസൾഫാൻ,പീഡിത ജനകീയ മുന്നണി
കാസർകോട്ടെ ചികിത്സ അപര്യാപ്തത പരിഹരിച്ചില്ല. ന്യൂറോളജിസ്റ്റടക്കം വിദഗ്ധ ഡോക്ടർമാരില്ലാത്ത ജില്ല. ട്രോമാെകയർ സെൻററില്ലാത്ത ജില്ല. എന്തിനും ഏതിനും മംഗളൂരുവിനെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ. കൊറോണക്കാലത്ത് ചികിത്സകിട്ടാതെ ഇരുപതിലധികംപേർ മരിച്ചു. ഇപ്പോഴും കുട്ടികളെയുമെടുത്ത് ഓടേണ്ടിവരുന്നുവെന്നതാണ് യാഥാർഥ്യം. ഇതിന് അടിയന്തര പരിഹാരം വേണം. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും വിദഗ്ധ ചികിത്സ നൽകാനാവശ്യമായ നടപടികളാണ് പെട്ടെന്ന് വേണ്ടത്. തനിക്ക് ശേഷം തെൻറ കുഞ്ഞിന് ആരെന്ന ചോദ്യത്തിന് മറുപടി വേണം; പുനരധിവാസം മാത്രമാണ് നിലവിലെ പരിഹാരം. നഷ്ടപരിഹാരത്തിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ൈട്രബ്യൂണൽ വേണമെന്ന ആവശ്യവും പരിഗണിക്കണം.
ഭരണകൂടങ്ങൾ മുഖ്യപരിഗണന നൽകുന്നില്ല
ഇസ്മയിൽ അഹ്മദ് -പ്രസിഡൻറ്, സോളിഡാരിറ്റി ജില്ല സമിതി
ഭോപാലിന് സമാനമാണ് എൻഡോസൾഫാൻ ദുരന്തമെന്ന് വലിയ നിരീക്ഷണമുണ്ട്. ഇപ്പോഴും ദുരിതം തിന്നുന്ന തലമുറകൾക്ക് വേണ്ടി ഭരണകൂടങ്ങൾ കൃത്യമായി എന്താണ് ചെയ്തുവരുന്നുള്ളത്. എൻഡോസൾഫാൻ നിരോധനത്തിനും പുനരധിവാസത്തിനും സോളിഡാരിറ്റി ഉൾപ്പെടെ സാമൂഹിക ബഹുജന സംഘടനകൾ നിർവഹിച്ച ഉത്തരവാദിത്തങ്ങൾക്കപ്പുറം പരിമിതമായ സാമ്പത്തിക വിതരണമല്ലാതെ, ഇരകളാക്കപ്പെട്ടവരുടെ സമഗ്ര പുനരധിവാസത്തിന് 25 വർഷമിപ്പുറവും സർക്കാറുകൾ എന്ത് ചെയ്യുന്നു എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.