കാസർകോട്: സാധാരണക്കാരന്റെ ദീർഘ ദൂരയാത്രക്കുള്ള തീവണ്ടി ജനറൽ കോച്ചുകളുടെ എണ്ണം കുറക്കുന്നത് യാത്രാദുരിതം വർധിപ്പിക്കുന്നു. മലബാറിലെ യാത്രക്കാർക്ക് മാത്രമല്ല, കേരളമാകെ യാത്രാദുരിതം അനുഭവിക്കുന്നു. ജനറൽ കോച്ചുകളെ സ്ലീപ്പർകോച്ചുകളാക്കുകയും സ്ലീപ്പർ കോച്ചുകളെ എ.സി കോച്ചുകളാക്കുകയും ചെയ്യുന്ന തിരക്കിലാണ് റെയിൽവേ.
വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യംവെച്ച് ട്രെയിൻ യാത്രയെ സർവിസ് മുക്തമാക്കുന്നതിെെന്റ ദുരന്തം സാധാരണക്കാരനെയാണ് ഏറെ ബാധിക്കുന്നത്. ജനറൽ സീറ്റുകളിൽ തിങ്ങിനിറഞ്ഞുള്ള യാത്ര തീവണ്ടികളിൽ പതിവാകുകയാണ്. മലബാറിൽ മാത്രം കാണുന്ന ഈ ദുരിതം തിരുവിതാംകൂറിലേക്കും വ്യാപിച്ചിരിക്കുന്നു. മലബാർ എക്സ്പ്രസിൽ ഇപ്പോൾ ജനറൽ കോച്ചുകൾ ഒന്ന് മാത്രമേയുള്ളൂ.
മലബാർ, മാവേലി, വെസ്റ്റ് കോസ്റ്റ്, ചെന്നൈ- മാംഗ്ലൂർ എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ, സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാനും റെയിൽവേ തീരുമാനിച്ചിരിക്കുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം -മംഗളൂരു മാവേലി എക്സ്പ്രസ്, മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ് എന്നിവയുടെ സ്ലീപ്പർ കോച്ചാണ് വെട്ടിക്കുറച്ചത്. മാവേലി, മലബാർ എക്സ്പ്രസുകളിൽ സ്ലീപ്പർ കോച്ച് വെട്ടിക്കുറക്കുന്നതോടെ 150ഓളം സീറ്റുകളുടെ കുറവുവരും. വെട്ടിക്കുറക്കുന്ന ഒരു കോച്ച് എ.സി. ത്രീ ടയറാക്കി മാറ്റും.
സ്ലീപ്പർ ക്ലാസിലേതുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി നാലിരട്ടിയെങ്കിലും വരുമാനം റെയിൽവേക്ക് വർധിക്കും. സ്ലീപ്പർ ക്ലാസിന്റെ ഇരട്ടിയിൽ അധികമാണ് എ.സി. ത്രീ ടയറിൽ ടിക്കറ്റ് നിരക്ക്. തിരക്കേറിയ ട്രെയിനുകളിൽ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ കോച്ചുകൾ കുറച്ചത് യാത്രാദുരിതം വർധിപ്പിക്കും. ജനറൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം റെയിൽവേ പുനഃപരിശോധിക്കണമെന്ന് മാനവ സംസ്കൃതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ യോഗം ഉദ്ഘാടനം ചെയ്തു.
താലൂക്ക് കമ്മിറ്റി ചെയർമാൻ എം.എ. മൂസ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഇർഷാദ് മഞ്ചേശ്വരം, ജില്ല കൗൺസിൽ അംഗങ്ങളായ സലിം പുത്തിഗെ, ജഗദീഷ് മൂടംബയൽ, വിനോദ് കുമാർ പാവൂർ, ആരിഫ് മച്ചമ്പാടി, ബ്ലോക്ക് കമ്മിറ്റി വൈസ് ചെയർമാൻ ഹമീദ് കാവിൽ, ഷാനിദ് കയ്യുംകൂടൽ, ഹർഷാദ് വൊർക്കാടി, റഫീഖ് കുണ്ടാർ, അൻവർ കുമ്പള, അനീഷ് പടിഞ്ഞാർ, ഇക്ബാൽ കളിയൂർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഷെട്ടി സ്വാഗതവും ട്രഷറർ ഡോൾഫി ഡിസൂസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.