കാസര്‍കോട്: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജിന് കിഫ്ബിയിൽനിന്ന് 160.23 കോടി രൂപ കൂടി അനുവദിച്ചു. മെഡിക്കൽ കോളജിന്റെ പുനരുജ്ജീവനത്തിന് ഈ തുക ഉപകരിക്കുമെന്നാണ് കാസർകോട്ടെ ജനങ്ങളുടെ പ്രതീക്ഷ.
മെഡിക്കൽ കോളജ് എന്ന സ്വപ്നത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറേയായി. 2013 നവംബർ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തറക്കല്ലിട്ടത്. എന്നാൽ, അക്കാദമി ബ്ലോക്കിലൊതുങ്ങി നിൽക്കാനായിരുന്നു വിധി.
ഫണ്ടിന്റെ കുറവും മറ്റും ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിക്കാൻ പറ്റാതായി. കാസർകോടിനൊപ്പം പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഗവ. മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അവഗണനയുടെ ആഴം മനസ്സിലാവുക. കരാർ ഏറ്റെടുത്ത കമ്പനിക്ക് കോടികൾ ബാധ്യതയായതാണ് നിർമാണം താളംതെറ്റാൻ മറ്റൊരു കാരണമായി പറഞ്ഞത്.
രണ്ടാം എൽ.ഡി.എഫ് സർക്കാറെങ്കിലും മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുമെന്നാണ് കിഫ്ബി ഫണ്ട് ലഭിച്ചതോടെ ഇപ്പോൾ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. 67 ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം. അദ്ദേഹത്തിന്റെ ഭരണകാലാവധി തീരുന്നതിന് മുന്നേ ആരോഗ്യം വീണ്ടെടുത്ത പ്രൗഢിയിൽ ഉയരുന്ന മെഡിക്കൽ കോളജിനായാണ് കാസർകോട്ടുകാരുടെ കാത്തിരിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.