രാജധാനി ജ്വല്ലറി കവർച്ചക്ക​ുപിന്നിൽ അന്തർ സംസ്ഥാന സംഘമെന്ന് സൂചന

കുമ്പള: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിൽ തിങ്കളാഴ്ച പുലര്‍ച്ച നടന്ന കൊള്ളക്കു പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണെന്നു സൂചന. ജ്വല്ലറിയില്‍ കൊള്ളക്കാര്‍ എത്തിയ സമയവും, കാവല്‍ക്കാരനെ ആക്രമിക്കുകയും കെട്ടിയിടുകയും ചെയ്‌തതും ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ ഷട്ടറി‍െൻറ ലോക്ക്‌ മുറിച്ചുമാറ്റിയതുമാണ് കവർച്ചക്കു പിന്നിൽ പ്രഫഷനൽ സംഘമാണെന്ന സംശയം ബലപ്പെടുത്തുന്നത്. വിവരമറിഞ്ഞ്‌ ആള്‍ക്കാരും പൊലീസും സ്ഥലത്തെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ രക്ഷപ്പെട്ടതും ജ്വല്ലറിയിലെ സി.സി.ടി.വിയുടെ ഹാര്‍ഡ്‌ ഡിസ്‌ക്‌ എടുത്തുകൊണ്ടുപോയതും അവധിദിവസം കൊള്ളക്കായി തിരഞ്ഞെടുത്തതും ഇത്തരമൊരു സംശയം ഉറപ്പിക്കുന്നു.

കൃത്യമായ രീതിയില്‍ ആസൂത്രണം ചെയ്‌ത ശേഷമാണ്‌ സംഘം ദൗത്യത്തിനു എത്തിയതെന്നാണ് സംശയിക്കുന്നത്. സംഘം നേരത്തെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ്‌ തള്ളിക്കളയുന്നില്ല. വാഹനത്തിലാണ്‌ സംഘം എത്തിയതെന്നു ഉറപ്പാക്കിയിട്ടുണ്ട്‌. അതിനാല്‍ ഹൊസങ്കടിക്കു സമീപത്തെ എല്ലാ സി.സി.ടി.വി കാമറകളും പരിശോധിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്‌.


കുമ്പളയിൽ കടകളിലെ മോഷണം: അന്വേഷണം എങ്ങുമെത്തിയില്ല

കുമ്പള: കുമ്പളയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷമുണ്ടായ മോഷണങ്ങളുടെ അന്വേഷണം എങ്ങുമെത്താതെ പാതിവഴിയിൽ.ഒരുവർഷം മുമ്പാണ് കുമ്പള ബസ് സ്​റ്റാൻഡിന്​ സമീപത്തെ മീപ്പിരി സെന്‍ററിൽ ആറു കടകളിൽ മോഷണമുണ്ടായത്. അമ്പതിനായിരത്തോളം രൂപയുടെ നഷ്​ടമാണ് വ്യാപാരികൾക്കുണ്ടായത്.

അന്വേഷണം ഏറ്റെടുത്ത കുമ്പള പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ കാസർകോട് ടൗണിലെ മൊബൈൽ ഫോൺ കടകളിലെ കവർച്ചയുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് ഒരാളെ അറസ്​റ്റ്​ ചെയ്തിരുന്നു. കുമ്പളയിൽ മോഷണം നടത്തിയത് ഇയാളടങ്ങുന്ന സംഘമാണെന്ന നിഗമനത്തിൽ കുമ്പള പൊലീസ് ഇയാളെ കസ്​റ്റഡിയിലെടുത്ത് തെളിവെടുപ്പിന് കുമ്പളയിൽ കൊണ്ടുവന്നിരുന്നു. അതിനുശേഷം കവർച്ചക്കാരെപ്പറ്റി ഒരു വിവരവുമില്ലെന്ന് വ്യാപാരികൾ പറയുന്നു. കുമ്പളയിലെ കവർച്ചക്കുപിന്നിൽ നാലംഗ സംഘമാണെന്ന് തെളിവ് ലഭിച്ചിരുന്നു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘത്തി‍െൻറ ദൃശ്യങ്ങൾ കോംപ്ലക്സിനകത്തെ കടയുടെ സി.സി കാമറകളിൽ പതിഞ്ഞത് അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.

ഉപ്പളയിൽ നിന്ന് മോഷ്​ടിച്ചതുൾപ്പെടെ രണ്ടു ബൈക്കുകളിലാണ് സംഘം എത്തിയതെന്നായിരുന്നു നിഗമനം. അതേദിവസം രാത്രി ഉപ്പളയിലെ ഒരു വ്യാപാര സമുച്ചയത്തിനടുത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ബൈക്ക് മോഷ്​ടിക്കുന്നതി‍െൻറ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഹൊസങ്കടിയിൽ തിങ്കളാഴ്ച പുലർച്ച ജ്വല്ലറി കുത്തിത്തുറന്ന് മോഷണമുണ്ടായ സംഭവം വീണ്ടും വ്യാപാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.


കാഞ്ഞങ്ങാട്ടെ കവർച്ച: കാരാട്ട് നൗഷാദും കൂട്ടുപ്രതിയും പിടിയിൽ

കാഞ്ഞങ്ങാട്: നഗരത്തിലെ കവർച്ച പരമ്പരകളുടെ സൂത്രധാരൻ കാരാട്ട് നൗഷാദും കൂട്ടാളി എറണാകുളം സ്വദേശി ടോമി എന്ന സിജോ ജോർജും പിടിയിൽ. ഇരുവരെയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണ​െൻറ നേതൃത്വത്തിൽ എസ്.ഐ കെ.പി. സതീഷ്കുമാറും എ.എസ്.ഐ അബൂബക്കർ കല്ലായി, സിവിൽ പൊലീസ് ഓഫിസർമാരായ നികേഷ്, ജിനേഷ് എന്നിവരടങ്ങിയ സംഘമാണ് കർണാടകയിൽനിന്ന്​ പിടികൂടിയത്.കോട്ടച്ചേരി നയാബസാറിലെ മെജസ്​റ്റിക് മൊബൈല്‍ഷോപ്പിൽ നിന്ന് 10 ലക്ഷത്തി‍െൻറയും അലാമിപ്പള്ളി ബസ്​ സ്​റ്റാൻഡിന്​​ സമീപത്തെ നീതി മെഡിക്കല്‍സിൽനിന്നും അര ലക്ഷംരൂപയും കവർച്ച ചെയ്തത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. മോഷ്​ടിച്ച മൊബൈലുകളുമായി കഴിഞ്ഞദിവസം ചെർക്കള അറന്തോട് സ്വദേശി മുഹമ്മദ് ശരീഫിനെ (40) അറസ്​റ്റ്​ ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.

Tags:    
News Summary - robbery in kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.