കാസര്‍കോട്: പൊലീസ് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പട്ടികജാതി ഗോത്രവർഷ കമ്മീഷന്. പ്രതിയുടെ വൃദ്ധരായ മാതാപിതാക്കൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാനും കമ്മീഷൻ സർക്കാരിനോട് നിർദേശിച്ചു.
പ്രതി കുഡ്ലു കളിയങ്ങാട്ടെ പട്ടികജാതി കോളനിയിലെ മഹേഷ് (29) മരിച്ച സംഭവത്തിലാണ് കമ്മീഷന്റെ ഇടപെടൽ. മഹേഷിന്റെ സഹോദരി ചന്ദ്രാവതിയാണ് കമ്മീഷനെ സമീപിച്ചത്.
ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി, ജില്ല പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നൽകിയത്. തെളിവെടുപ്പിനിടെ പ്രതി കടലില്‍ ചാടിയെന്നും രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്നുമാണ് പരാതി. തെളിവെടുപ്പിന് കൊണ്ടുപോയതിൽ ജാഗ്രതക്കുറവ് കാണിച്ചതായി കമ്മീഷൻ വിലയിരുത്തി. സംഭവത്തിൽ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
ജോലിയിൽ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല- നിയമ നടപടി കൂടി സ്വീകരിക്കണം. 2020 ആഗസ്റ്റിലാണ് പ്രതിയെ കൈയാമം വെച്ച് തെളിവെടുപ്പിനായി കാസര്‍കോട് നെല്ലിക്കുന്നിലെ പുലിമുട്ടില്‍ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.