കാസർകോട്: തുടർച്ചയായി ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലാകുന്ന കേന്ദ്ര വാഴ്സിറ്റി അധ്യാപകൻ ഡോ. ഇഫ്തികർ അഹമ്മദിനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ രംഗത്ത്. അമ്യൂസ് മെന്റ് പാർക്കിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തി റിമാൻഡിലായ കേരള കേന്ദ്രസർവകലാശാലയിലെ അധ്യാപകൻ ഇഫ്തിക്കർ അഹമ്മദിനെ സർവിസിൽ നിന്ന്പുറത്താക്കണമെന്ന് എസ്.എഫ്.ഐ. മാസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയ ഇയാളെ സസ്പെൻഡ് ചെയ്തത്.
എന്നാൽ, ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് തിരിച്ചെത്തുകയായിരുന്നു. മദ്യപിച്ചു ക്ലാസിലെത്തുന്ന ഇയാളിൽ നിന്നും സമാനമായ അനുഭവങ്ങൾ നേരിട്ട മറ്റു വിദ്യാർഥികളും വൈസ്ചാൻസലർ മുമ്പാകെ പരാതിയുമായെത്തിയിരുന്നു. എന്നാൽ, ഈ വിഷയം മൂടിവെക്കാനായിരുന്നു അധികാരികളുടെ ശ്രമം. ഈ അധ്യാപകനെ സർവിസിൽ നിന്നും പുറത്താക്കാനും നിയമ നടപടികളുമായി മുന്നോട്ട് പോകാനും സർവകലാശാല അധികാരികൾ തയാറാകണമെന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇഫ്തികർ അഹമ്മദ് ലൈംഗികാതിക്രമം നടത്തി ജയിലിലായ സംഭവം അതീവ ഗുരുതരമാണെന്ന് എ.ബി.വി.പി. സസ്പെൻഷൻ നടപടി നേരിട്ടിട്ടുള്ള പ്രഫസറെ പിന്തുണക്കുന്ന നടപടിയാണ് സർവകലാശാല അധികൃതർ സ്വീകരിക്കുന്നത്. ഇനിയും സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് പ്രഫസറെ സംരക്ഷിക്കുന്ന നടപടിയാണുള്ളതെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കുമെന്ന് എ.ബി.വി.പി കേരള കേന്ദ്ര സർവകലാശാല യൂനിറ്റ് പ്രസിഡന്റ് ശ്രീ ലക്ഷ്മി പ്രസ്താവനയിൽ അറിയിച്ചു.
പെരിയ: പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള കേന്ദ്ര സർവകലാശാല അസി. പ്രഫസർ ഇഫ്തിക്കർ അഹമ്മദിനെ സർവിസിൽ നിന്ന്പിരിച്ചു വിടണമെന്ന് എ.ഐ.എസ്.എഫ്.
നവംബർ 13ന് പരീക്ഷയെഴുതുന്നതിനിടെ ക്ലാസിൽ ബോധരഹിതയായ വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് ഐപിസി 354ാം വകുപ്പ് ബേക്കൽ പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഇതിന് സർവകലാശാല അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും മൂന്നു മാസത്തിന് ശേഷം സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തു.
എന്നാൽ, ജാമ്യത്തിനുള്ള വ്യവസ്ഥയായി മാർച്ച് വരെ രണ്ടു മാസത്തേക്ക് ഹോസ്ദുർഗ് താലൂക്കിൽ പ്രവേശിക്കുന്നത് ഹൈകോടതി വിലക്കിയതായി അറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തെ വീണ്ടും സസ്പെൻഡ് ചെയ്തു. എന്നാൽ ചില ഉപാധികളോടെ വീണ്ടും തീർച്ചെടുത്തു. അധ്യാപക സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ലൈംഗിക വൈകൃതത്തിന് അടിമയായ ഇഫ്തികറിനെ ഉടനടി പിരിച്ചുവിടണമെന്ന് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
തുടർച്ചയായ ലൈംഗികാതിക്രമകേസിൽ അറസ്റ്റിലാകുന്ന ഇഫ്തികർ അഹമ്മദിനെ ഇനിയും സംരക്ഷിക്കാനുള്ള സർവകലാശാലയുടെ ശ്രമം അനുവദിക്കില്ലെന്ന് എൻ.എസ്.യു.ഐ കേന്ദ്ര സർവകലാശാല യൂനിറ്റ്. കേസുകൾ പരിഗണിച്ച് അദ്ദേഹത്തെ യൂനിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കണം.
ഇതിനുമുമ്പ് വാഴ്സിറ്റിയിലെ വിദ്യാർഥികൾ ഉന്നയിച്ച പരാതിയിൽ പുനരന്വേഷണം വേണം. അന്വേഷണ കമ്മിറ്റിയിൽ വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൂടി ഉൾപ്പെടുത്തണം. ഡോ. ഇഫ്തികർ അഹമ്മദിനെ ഏറ്റവും അടുത്ത ദിവസം തന്നെ യൂനിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ കടുത്ത സമരവുമായി മുന്നോട്ടു പോകുമെന്ന് എൻ.എസ്.യു.ഐ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.