കാസർകോട്: ചുറ്റും ചൂടിൽ കൊടുമ്പിരിക്കൊള്ളുമ്പേൾ വസന്തംതീർക്കുകയാണ് സിവിൽ സ്റ്റേഷൻ ജീവനക്കാർ. ജോലിത്തിരക്കിനിടയിലും സസ്യപരിപാലനത്തിലേർപ്പെട്ടാണ് സിവിൽ സ്റ്റേഷൻ ട്രഷറി വിഭാഗം ജീവനക്കാർ ഹരിതമിഷന്റെ ദൗത്യം ഏറ്റെടുത്ത് മാതൃകയാവുന്നത്. ഹരിതമിഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പേ ആ ദൗത്യം ഏറ്റെടുത്തവരാണ് കാസർകോട് സിവിൽസ്റ്റേഷൻ ട്രഷറി വിഭാഗം ജീവനക്കാർ.
സിവിൽ സ്റ്റേഷനിലെ ഓഫിസിന് പുറത്താണ് വസന്തംതീർത്ത് ചെടികൾ ഇടതൂർന്ന് വളർന്നിരിക്കുന്നത്. ഏകദേശം 15 വർഷം മുമ്പ് തുടങ്ങിയ ഇവരുടെ ഹരിതദൗത്യം സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കുമെത്തുന്നവർക്ക് കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയായി. ജോലിത്തിരക്കിന്റെ സമ്മർദത്തിൽ മനസ്സൊന്ന് ശാന്തമാകാൻ ഇവർ തുടങ്ങിയ മാർഗമായിരുന്നു സസ്യപരിപാലനമെന്ന് ജീവനക്കാർ പറയുന്നു. സിവിൽ സ്റ്റേഷന് അടുത്ത് താമസിക്കുന്ന ജീവനക്കാരും രാവിലെ നേരത്തെ എത്തുന്നവരും സസ്യപരിപാലനത്തിൽ നേരിട്ട് മേൽനോട്ടം വഹിക്കുന്നവരാണ്. അവർ രാവിലെ വന്ന് വെള്ളമൊഴിക്കും. അതിന് പറ്റാത്ത മറ്റുള്ളവർ വൈകീട്ട് ജോലി കഴിഞ്ഞാലും ഇവ പരിപാലിക്കുന്നുണ്ട്.
ജോലിസമയം കഴിഞ്ഞുള്ള സസ്യപരിപാലനം മറ്റുള്ളവർക്കുകൂടി മാതൃകയാവുകയാണ്. 15 വർഷമായുള്ള സസ്യപരിപാലനം ആര് സ്ഥലംമാറി പോയാലും പുതിയതായി വരുന്നവർ തുടർന്നുകൊണ്ടുപോകുന്നു. 39ഓളം ജീവനക്കാരാണ് ട്രഷറി വകുപ്പിൽ കാസർകോട് സിവിൽ സ്റ്റേഷനിൽ ജോലിചെയ്യുന്നത്. റിട്ട. ജീവനക്കാരനായ സജീവനാണ് ഇതിനുവേണ്ടി പ്രവർത്തിച്ചതെന്ന് ജീവനക്കാരിൽ ഒരാൾ പറയുന്നു.
ഓഫിസിനുള്ളിൽ ഇൻഡോർ പ്ലാന്റും വെച്ചുപിടിപ്പിച്ചിട്ടുണ്ട് ഇവർ. കൊടുംചൂടിൽ പുതുവസന്തംതീർക്കുന്ന സിവിൽസ്റ്റേഷനിലെ ട്രഷറി വകുപ്പിന്റെ മാതൃക മറ്റുള്ളവരും പിന്തുടരണമെന്നാണ് ജനങ്ങളുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.