ചെറുവത്തൂർ: ദേശീയപാതയിൽ ചെറുവത്തൂർ കൊവ്വലിൽ അടിപ്പാത നിർമിക്കുമെന്ന് കരാർ കമ്പനിയുടെ ഉറപ്പ്.
കരാർ കമ്പനി അധികൃതരും ജനപ്രതിനിധികളും ജനകീയ സമിതിയും നടത്തിയ ചർച്ചയിലാണ് അധികൃതർ അടിപ്പാത നിർമിക്കുമെന്ന് ഉറപ്പ് നൽകിയത്. അഞ്ചു മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് നിർമിക്കുക. എന്നാൽ, വാഹനങ്ങൾക്ക് സൗകര്യമായി കടന്നുപോകുന്നതിനായി വീതിയും ഉയരവും വർധിപ്പിക്കണമെന്ന ആവശ്യവും അധികൃതരെ അറിയിച്ചു.
ആദ്യഘട്ടത്തിൽ ദേശീയപാത കൊവ്വലിൽ അടിപ്പാത ഉണ്ടായിരുന്നില്ല. സ്കൂളുകളും ക്ഷേത്രങ്ങളും നിരവധി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോകുന്ന സ്ഥിതിയായിരുന്നു. ഇതിന്റെ ഭാഗമായി ജനകീയ സമിതി രൂപവത്കരിച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
ജനപ്രതിനിധികൾ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനവും നൽകി. ജനങ്ങളുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ അടിപ്പാത നിർമിക്കാൻ മുന്നോട്ടു വരുകയായിരുന്നു. ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചർച്ചയിൽ കരാർ കമ്പനി അധികൃതർ, എം. രാജഗോപാലൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ജനകീയ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.