പ്രതീകാത്മക ചിത്രം 

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: പൊലീസുകാർക്കെതിരെ കേസ്​

കാസർകോട്: കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കോടതി നരഹത്യക്ക്​ കേസെടുത്തു. കുമ്പള മുൻ എസ്.ഐ രജിത്, സി.പി.ഒ ദീപു, രഞ്ജിത് എന്നിവർക്കെതിരെയാണ് കാസർകോട് മുൻസീഫ് കോടതി കേസെടുത്തത്. ഫെബ്രുവരി 19ന് ഹാജരാകാൻ ഇവർക്ക് കോടതി സമൻസ് അയച്ചു. ഐ.പി.സി 304 പ്രകാരമാണ് കേസെടുത്തത്.

അംഗടിമൊഗർ ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി ഫർഹാസ് ആണ് അപകടത്തിൽ മരിച്ചത്. പിന്നാലെ പൊലീസ് പിന്തുടർന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയർന്നിരുന്നു. കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് സഫിയ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ട് നൽകി. ഇതേതുടർന്ന് മാതാവ് നൽകിയ ഹരജിയിലാണ് കോടതി നടപടി.

കഴിഞ്ഞ വർഷം സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെയാണ്​ അപകടമുണ്ടായത്. പ്ലസ്​ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന്​ പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ആഗസ്റ്റ്​ 30നാണ് ഫർഹാസ് മരിച്ചത്.

Tags:    
News Summary - Student-Death-Case-Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.