മൊഗ്രാൽ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വറുതിക്ക് ഒന്നും പരിഹാരമാവുന്നില്ല. കടലിൽ മത്സ്യസമ്പത്ത് തീരെ ഇല്ലെന്നും കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണമാകാമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. അനധികൃത മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന അന്യസംസ്ഥാന ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമ്പോഴും കടലിൽ മീൻ ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഡസനോളം ബോട്ടുകളാണ് അധികൃതർ പിടികൂടി പിഴ ഈടാക്കിയത്. നിയമം ലംഘിച്ചുള്ള മീൻപിടുത്തത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞവർഷം നവംബർ മാസം മത്സ്യത്തൊഴിലാളികൾ നീലേശ്വരം അഴിമുഖം ഉപരോധിച്ചിരുന്നു.
ഇതിനുശേഷമാണ് അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. നിരോധിത വലകൾ ഉപയോഗിച്ചും, തീരത്തിനോട് ചേർന്നും ബോട്ടുകൾ മത്സ്യബന്ധനത്തിലേർപ്പെടുന്നതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടാതെ പോകുന്നതെന്ന് പരാതി നേരത്തെ തന്നെ മത്സ്യത്തൊഴിലാളികൾക്കുണ്ട്. രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കഴിഞ്ഞ കുറെ മാസങ്ങളായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വരുതിയിൽ തന്നെയാണ്. ഈസ്റ്ററും, വിഷുവും, പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ കഴിഞ്ഞുപോയതായി സങ്കടത്തോടെ മത്സ്യത്തൊഴിലാളികൾ പറയുന്നു. മീൻ ചാകരയുടെ സമയത്താണ് ഇത്തരത്തിൽ വറുതി നേരിട്ടത്. ഇനി ഈ മേയ് മാസം കൂടി കഴിഞ്ഞാൽ കാലവർഷം ആരംഭിക്കും. പിന്നെ കടലിൽ പോകാനാ വാതെ വരും. ഒപ്പം ട്രോളിങ് നിരോധനവും. എല്ലാംകൊണ്ടും കഴിഞ്ഞ ഒരു വർഷമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭ്യതയില്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പഴകിയ മീനുകളാണ് ഐസുകൾ ചേർത്തും പൊടികൾ ചേർത്തും മാർക്കറ്റുകളിൽ എത്തുന്നത്. ഇതിനാകട്ടെ നല്ല വിലയും ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.