നീലേശ്വരം: റമദാൻ 30 നോമ്പും മുടങ്ങാതെ എടുത്ത് മതസൗഹാർദത്തിന്റെ പ്രതീകമാവുകയാണ് നീലേശ്വരം മന്ദം പുറത്തെ എം. സുകുമാരൻ. 2014ൽ റമദാൻ നോമ്പ് എടുക്കൽ ആരംഭിച്ച സുകുമാരൻ 2023ൽ ഒമ്പത് വർഷം പൂർത്തിയാക്കി. ഒരു കൗതുകത്തിന് തോന്നിയ റമദാൻ നോമ്പെടുക്കൽ പിന്നീട് മുടങ്ങാതെ തുടർന്നു. ശാരീരിക പ്രശ്നം കൊണ്ട് ഏതെങ്കിലും ഒരുദിവസം വ്രതം മുടങ്ങിയാൽ സുന്നത്ത് നോമ്പെടുത്ത് പരിഹരിക്കും.
ആരും നിർബന്ധിച്ചല്ല എടുത്തതെന്നും മനസ്സിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നുണ്ടെന്നും പ്രതിരോധശേഷി വർധിക്കാൻ വ്രതം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും സുകുമാരൻ പറഞ്ഞു. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന മകൻ കൗശിക് സൂര്യ നോമ്പ് കാലത്ത് 17, 21 ദിവസങ്ങളിൽ പിതാവിനോടൊപ്പം വ്രതം എടുത്തിരുന്നു. പോളിഷിങ് ജോലിയെടുക്കുന്ന സുകുമാരൻ മികച്ച കലാകാരൻ കൂടിയാണ്.
അഞ്ചോളം സിനിമകളിലും സീരിയലുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി കവിതകളും ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. അംഗൻവാടി വിദ്യാർഥിയായ മകൾ വംശിക സൂര്യയും ഭാര്യ ഉഷയും പൂർണ പിന്തുണയുമായുണ്ട്. മന്ദം പുറത്തെ മുസ്ലിം സഹോദരങ്ങളുടെ പൂർണ പിന്തുണ ലഭിക്കുന്നത് വ്രതമനുഷ്ഠിക്കാൻ കൂടുതൽ ഉത്തേജനമാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.