ചെറുവത്തൂർ: കാസര്‍കോട് ജില്ലയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി. ഭാവനാ സമ്പന്നവും നൂതനവും മാതൃകാപരവുമായ നിരവധി പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും മികച്ച ജനപിന്തുണയും മാധവന് മണിയറ പ്രസിഡന്റായ ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്കാധാരം
ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചു നൂതന കാഴ്ചപ്പാടുകള്‍, സുതാര്യത, സുസ്ഥിരത, സമഗ്രത എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. സ്രോതസ്സുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്റെ ഔന്നത്യം സ്വപ്നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പാക്കുന്നതിനും കൂടുതല്‍ മികച്ചു നിന്നതിനാണ് സംസ്ഥാനതലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് പ്രസിഡന്റ് മാധവൻ മണിയറ പറഞ്ഞു.
2022-23 പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ്. ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലിനിക്ക്, അതിജീവനം സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രികാല ഒ.പി, മൂന്ന് ഷിഫ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സിയില്‍ ബ്ലോക്കുതല ഫിസിയോതെറപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആര്.ആര്.എഫ് മാതൃക, കാര്‍ഷിക രംഗത്ത് യന്ത്രവത്കൃത തൊഴില്‍സേന, അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, പട്ടികജാതി വിഭാഗത്തില്‍പെട്ട യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്കല്, പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ ശിൽപശാല, സ്വയംതൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും, വ്യാവസായ മേഖലയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ബ്രാന്‍ഡില്‍ മുരങ്ങയില, തുളസിയില ടീ-ബാഗ് യൂനിറ്റുകള്‍, ഇന്‍വെസ്റ്റേഴ്സ് മീറ്റ്, ക്ഷീരവികസന മേഖലയില്‍ ക്ഷീര വര്‍ധിനി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില സബ്സിഡി, ഭിന്നശേഷിയുള്ളവര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹന വിതരണം, കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേള, സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും ശുചിത്വ സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, കുളം നവീകരണം, വനിതാ വിപണന കേന്ദ്രങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി എന്നിങ്ങനെ നടത്തിയ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ഉറച്ച പിന്തുണയും നേതൃമികവും ജനങ്ങളുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്ക് നിദാനമെന്ന് പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.